കാർഷിക കടം എഴുതിത്തള്ളൽ: തമിഴ്നാട് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി തടഞ്ഞു
text_fieldsന്യൂഡൽഹി: കർഷകരുടെ ലോണുകൾ എഴുതിത്തള്ളാനുള്ള തമിഴ്നാട് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ളവരുടേതടക്കം എല്ലാ കർഷകരുടേയും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നാണ് മദ്രാസ് ഹൈകോടതി സർക്കാരിനോട് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ തമിഴ്നാട് സർക്കാറാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും കടമെടുത്ത അഞ്ചേക്കറിന് താഴെയുള്ള ചെറുകിട കർഷകരുടെ കടം എഴുതിത്തള്ളാനാണ് ലക്ഷ്യമിട്ടതെന്ന് ജസ്റ്റിസ് മദൻ ബി.ലോകുർ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സർക്കാർ വാദിച്ചു. 2017 ഏപ്രിൽ നാലിന് മദ്രാസ് ഹൈകോടതിയുടെ മധുരൈ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക നയങ്ങളിലും സർക്കാർ തീരുമാനങ്ങളിലുമുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു സർക്കാർ വാദം. ഇടക്കാല ആശ്വാസം എന്ന നിലക്ക് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന തമിഴ്നാട് സർക്കാറിന്‍റെ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
ഭക്ഷ്യ ഉപഭോക്തൃ സംരക്ഷണ വിഭാഗമാണ് 2016 മെയ് 23ന് കാർഷിക കടം എഴുതിത്തള്ളൽ പദ്ധതി പ്രഖ്യാപിച്ചത്. എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാന പ്രകാരമായിരുന്നു പദ്ധതി. എന്നാൽ ചെറുകിട കർഷകരെ മാത്രമായിരുന്നു തങ്ങൾ ഉദ്ദേശിച്ചത് എന്നാണ് സുപ്രീംകോടതിയിൽ ഇതേക്കുറിച്ച് തമിഴ്നാട് സർക്കാർ വ്യക്തമാക്കിയത്. കടം എഴുതിത്തള്ളുന്ന കർഷകരുടെ പട്ടിക പുറത്തിറക്കുന്ന നടപടി പൂർത്തീകരിക്കുന്നതേയുള്ളൂ എന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
അതേസമയം, കടം എഴുതിത്തള്ളുന്ന കർഷകരുടെ പട്ടിക തമിഴ്നാട് കോ-ഓപറേറ്റീവ് യൂണിയന്‍റെ വൈബ്സൈറ്റിൽ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.