ശമ്പള കമീഷൻ നിർദേശം നടപ്പാക്കിയില്ല; കേരളം അടക്കം 16 സംസ്ഥാനങ്ങൾക്ക് നോട്ടീസ്
text_fieldsന്യൂഡൽഹി: ജുഡീഷ്യൽ ഓഫിസർമാരുടെ വിരമിക്കൽ ആനുകൂല്യം നൽകാത്ത കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളുടെ ചീഫ്, ധനകാര്യ സെക്രട്ടറിമാർക്ക് സുപ്രീംകോടതിയുടെ നോട്ടീസ്.
രണ്ടാം ദേശീയ ജുഡീഷ്യൽ ശമ്പള കമീഷൻ നിർദേശപ്രകാരമുള്ള പെൻഷൻ കുടിശ്ശികയും ആനുകൂല്യങ്ങളും കൊടുക്കാത്ത സംസ്ഥാനങ്ങൾക്കാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ചിന്റേതാണ് നടപടി.
സെക്രട്ടറിമാരെ ജയിലിലേക്ക് അയക്കുന്നില്ലെന്നും അവർ വന്ന് സത്യവാങ്മൂലം സമർപ്പിക്കട്ടെയെന്നും ബെഞ്ച് പറഞ്ഞു. ആഗസ്റ്റ് 23നാണ് സെക്രട്ടറിമാർ ഹാജരാകേണ്ടത്.
അനധികൃത ബോർഡുകൾ: നടപടി അറിയിക്കണമെന്ന്
കൊച്ചി: അനധികൃത ബോർഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹൈകോടതി നിർദേശം. ഇതുമായി ബന്ധപ്പെട്ട് എത്ര കേസുകൾ രജിസ്റ്റർ ചെയ്തെന്ന് അറിയിക്കണം. എത്ര ബോർഡുകൾ ഇതുവരെ നീക്കിയിട്ടുണ്ട്, എത്ര രൂപ പിഴ ഈടാക്കിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ അറിയിക്കാനാണ് സർക്കാറിനോടും തദ്ദേശ സ്ഥാപനങ്ങളോടും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം. അനധികൃതമായി ഫ്ലക്സ് ബോർഡുകളും മറ്റും സ്ഥാപിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന വിവിധ ഹരജികളാണ് പരിഗണനയിലുള്ളത്.
അനധികൃത ബോർഡുകൾ സ്ഥാപിച്ചതിന് 1500 കേസുകൾ രജിസ്റ്റർ ചെയ്തതായി കൊച്ചി കോർപറേഷൻ അറിയിച്ചു. സ്ത്രീകൾക്ക് ഇരുചക്രവാഹനം വിതരണം ചെയ്യുന്ന പദ്ധതിയുടെ ബോർഡുകൾ വ്യാപകമായി സ്ഥാപിച്ചിരുന്നു. ഇതിലടക്കം കേസെടുത്തിട്ടുണ്ട്. അനധികൃതമായി ബോർഡുകൾ വെച്ചതിന് സ്വകാര്യ മൊബൈൽ കമ്പനികൾക്ക് വലിയ തുക പിഴ ചുമത്തിയതായി കളമശ്ശേരി മുനിസിപ്പാലിറ്റി അറിയിച്ചു. രാഷ്ട്രീയമടക്കം ഒരുപരിഗണനയും ഇല്ലാതെ വേണം നടപടികളെന്ന് കോടതി നിർദേശിച്ചു. ഹരജികൾ പിന്നീട് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.