റോഹിങ്ക്യകളെ ഇപ്പോൾ നാടുകടത്തരുത് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: റോഹിങ്ക്യകളെ ഇപ്പോൾ നാടുകടത്തരുതെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാറിന് വാക്കാൽ നിർദേശം നൽകി. അഭയാർഥികളെ നാടുകടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് നവംബർ 21ലേക്ക് മാറ്റിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, ഇതിനിടയിൽ ആകസ്മികമായി വല്ലതുമുണ്ടായാൽ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്ന് റോഹിങ്ക്യകളെ അറിയിച്ചു.
നിലനിൽക്കുന്നത് അസാധാരണമായ സ്ഥിതിവിശേഷമാണെന്ന് സുപ്രീംകോടതി തുടർന്നു. മനുഷ്യാവകാശങ്ങളുടെ, പ്രത്യേകിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും രോഗം ബാധിച്ചവരുടെയും നിരപരാധികളുടെയും അവകാശങ്ങളുടെ സംരക്ഷകനാണ് ഭരണഘടനയെന്ന് ചീഫ് ജസ്റ്റിസ് ഒാർമിപ്പിച്ചു. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാത്ത റോഹിങ്ക്യൻ സ്ത്രീകളെയും കുട്ടികളെയുമാണ് നിരപരാധികൾ എന്നതുകൊണ്ട് കോടതി ഉദ്ദേശിക്കുന്നത്.
ഭരണഘടനകോടതി എന്ന നിലക്ക് തങ്ങൾക്ക് ഇക്കാര്യത്തിൽ പരിസരബോധമില്ലാത്തവരാകാൻ പറ്റില്ല. ഭരണകൂടത്തിനും പരിസരബോധമില്ലാത്തവരാകാനാവില്ല. കേന്ദ്രസർക്കാറിെൻറ സമീപനം ബഹുമുഖമായിരിക്കണം. ദേശീയസുരക്ഷ, സാമ്പത്തിക^തൊഴിൽ താൽപര്യങ്ങൾ എന്നീ ആശങ്കകൾക്കൊപ്പം മനുഷ്യത്വപരമായ മാനവും പരിഗണിക്കണം. ഇവക്കിടയിൽ സന്തുലനം വേണം.
തെറ്റായി വല്ലതും കണ്ടാൽ കേന്ദ്രസർക്കാറിന് നടപടിയെടുക്കാമെന്നും എന്നാൽ, ഇപ്പോൾ അവരെ നാടുകടത്താനാവില്ല എന്നും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. എന്തെങ്കിലും പ്രയാസങ്ങൾ റോഹിങ്ക്യകൾക്കുണ്ടായാൽ തങ്ങൾ വീണ്ടും സുപ്രീംകോടതിയിൽ വരുമെന്ന് അഭയാർഥികൾക്കുവേണ്ടി ഹാജരായ പ്രമുഖ നിയമജ്ഞൻ ഫാലി എസ് നരിമാൻ പറഞ്ഞപ്പോൾ ക്ഷുഭിതനായ കേന്ദ്രസർക്കാറിെൻറ അഭിഭാഷകൻ എന്ത് ചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും കോടതി ഇപ്പോൾ വല്ലതും പറഞ്ഞാൽ അതിന് അന്തർദേശീയതലത്തിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
എന്നാൽ, അഭയാർഥികൾക്ക് ഇതിനിടയിൽ സുപ്രീംകോടതിയിൽ വരേണ്ടിവരുന്ന തരത്തിൽ ആകസ്മികമായൊന്നും ഉണ്ടാകുകയില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തിയാൽ മതിയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.