ഹാസ്യ കലാകാരൻ കുനാൽ കംറക്കെതിരായ കോടതിയലക്ഷ്യം; നിർണായക തീരുമാനം നാളെ
text_fieldsഡൽഹി: ഹാസ്യ കലാകാരൻ കുനാൽ കമ്രക്കെതിരായ കോടതിയലക്ഷ്യ നടപടികൾ മുന്നോട്ട്കൊണ്ട് പോകണമോ എന്ന് കോടതി വെള്ളിയാഴ്ച തീരുമാനിക്കും. ഇതുസംബന്ധിച്ച് നാളെ രാവിലെ 10:30ന് ഉത്തരവ് പ്രഖ്യാപിക്കുമെന്ന് മൂന്നംഗ ബെഞ്ച് അറിയിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റിലായ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്കുവേണ്ടി അതിവേഗ നടപടി ക്രമങ്ങൾ സ്വീകരിച്ച സുപ്രീം കോടതിയെ കുനാൽ കമ്ര വിമർശിച്ചിരുന്നു. ഇതാണ് കോടതിയലക്ഷ്യ നടപടികൾക്ക് കാരണം.
ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഡി, എം. ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് കേൾക്കുന്നത്. സുപ്രീം കോടതിയെയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനേയും വിമർശിച്ച ട്വീറ്റുകളിൽ കമ്രക്കെതിരേ നടപടി എടുക്കാൻ അറ്റോർണി ജനറൽ വേണുഗോപാൽ അനുമതി നൽകിയിരുന്നു. വ്യാഴാഴ്ച വാദം കേൾക്കുന്നതിനിടെ, അഭിഭാഷകൻ നിഷാന്ത് കട്നേശ്വർക്കറെ കോടതി കുറച്ചു മിനിറ്റ് കേട്ടിരുന്നു. ട്വീറ്റുകളിൽ കമ്രയുടെ ഭാഗത്തുനിന്ന് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകൻ ചുണ്ടിക്കാട്ടി. കോടതിയലക്ഷ്യ നടപടികൾക്ക് അനുമതി നൽകിക്കൊണ്ട് അഭിഭാഷകർക്ക് അയച്ച കത്തിൽ എജി ഇങ്ങനെ പറയുന്ന.
'ഇന്ത്യയിലെ സുപ്രീം കോടതിയെയും അതിെൻറ ജഡ്ജിമാരെയും ധൈര്യത്തോടെയും ധിക്കാരത്തോടെയും എതിർക്കാൻ കഴിയുമെന്ന് ആളുകൾ വിശ്വസിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഭരണഘടന പ്രകാരം ഫ്രീഡം ഒാഫ് സ്പീച്ച് കോടതിയലക്ഷ്യ നിയമത്തിന് വിധേയമാണ്. സുപ്രീം കോടതിയെ അന്യായമായും ധിക്കാരപരമായും വിമർശിക്കുന്നത് 1972 ലെ കോടതിയലക്ഷ്യ നിയമപ്രകാരം ശിക്ഷ ലഭിക്കുമെന്ന് ആളുകൾ മനസ്സിലാക്കേണ്ട സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു'.എജിയുടെ അനുമതിക്കുശേഷവും കമ്ര തെൻറ പരാമർശങ്ങളിൽ നിന്ന് പിന്മാറുകയോ ക്ഷമ ചോദിക്കുകയോ ചെയ്തിരുന്നില്ല.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിൽ എജിയുടെ സമ്മതത്തിനുശേഷവും തെൻറ കാഴ്ചപ്പാട് മാറിയിട്ടില്ലെന്ന് കമ്രപറഞ്ഞു. 'മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിെൻറ കാര്യങ്ങളിലുളള സുപ്രീം കോടതിയുടെ നിശബ്ദത വിമർശിക്കപ്പെടേണ്ടതുണ്ട്. ഞാൻ ട്വീറ്റ് ചെയ്തത് സുപ്രീം കോടതി ഒരു പ്രൈം ടൈം ഉച്ചഭാഷിണിക്ക് അനുകൂലമായി തീരുമാനം എടുത്തതിനെ വിമർശിക്കാനാണ്'-കമ്ര കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.