ബോണ്ട് നമ്പർ എവിടെ? സുപ്രീംകോടതിയുടെ നിർണായക ചോദ്യത്തിന് എസ്.ബി.ഐ ഇന്ന് മറുപടി നൽകും
text_fieldsന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളുടെ മുഴുവൻ വിവരങ്ങളും കൈമാറാൻ വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സവിശേഷ തിരിച്ചറിയൽ നമ്പർ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് മറുപടി നൽകും. ബോണ്ടുകളുടെ സവിശേഷ തിരിച്ചറിയൽ നമ്പർ (അൽഫ ന്യൂമെറിക് നമ്പർ) പുറത്തുവിട്ടാൽ മാത്രമാണ് ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകുക. അതിനാൽ, സുപ്രീംകോടതിയിൽ എസ്.ബി.ഐ ഇന്ന് നൽകുന്ന മറുപടി നിർണായകമാകും.
ബോണ്ടിന്‍റെ നമ്പർ വെളിപ്പെടുത്താതിരുന്നതിലൂടെ വിധി എസ്.ബി.ഐ പൂർണാർഥത്തിൽ നടപ്പാക്കിയില്ലെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച വിമർശിച്ചിരുന്നു. ‘സവിശേഷ തിരിച്ചറിയൽ നമ്പർ ’ വെളിപ്പെടുത്തിയാൽ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും ലഭിച്ച ഇലക്ടറൽ ബോണ്ടുകൾ ആരുടേതാണെന്ന് വ്യക്തമാകുമെന്നും എന്നാൽ, എസ്.ബി.ഐ ആ വിവരം കൈമാറിയില്ലെന്നും മുതിർന്ന അഭിഭാഷകരായ കപിൽ സിബലും പ്രശാന്ത് ഭൂഷണുമാണ് സുപ്രീംകോടതിയുടെ ശ്രദ്ധയിൽകൊണ്ടുവന്നത്.
കൂടുതൽ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളുടെ പട്ടികയിൽ മൂന്നും അന്വേഷണം നേരിടുന്നതിന്‍റെ തെളിവുകൾ നേരത്തെ വന്നിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന നിരവധി നിർമാണ കമ്പനികളും ബോണ്ടുകൾ വാങ്ങി. ഇവയെല്ലാം വാങ്ങിയ ബോണ്ടുകളുടെ തുക ആർക്കാണ് ലഭിച്ചതെന്ന കാര്യം പുറത്തുവരുന്നത് കേന്ദ്ര സർക്കാറിന് നിർണായകമാണ്.
പേരുവെളിപ്പെടുത്താതെ വ്യക്തികൾക്കും കമ്പനികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനമായ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ബോണ്ട് വഴി നൽകിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാൻ എസ്.ബി.ഐയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കൈമാറിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ മാർച്ച് 14ന് തെരഞ്ഞെടുപ്പു കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം നീട്ടിനൽകണമെന്ന് എസ്.ബി.ഐ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് അനുവദിച്ചിരുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബോണ്ട് വിവരങ്ങൾ പുറത്തുവരാതിരിക്കാൻ എസ്.ബി.ഐയെ മുന്നിൽ നിർത്തി കേന്ദ്രം നടത്തിയ നീക്കമാണ് ഇതിലൂടെ സുപ്രീംകോടതി പൊളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.