'അടിയന്തരാവസ്ഥ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണം'; 94കാരിയുടെ ഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കും
text_fieldsന്യൂഡൽഹി: 1975ൽ ഇന്ദിരാഗാന്ധി സർക്കാർ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വയോധിക സുപ്രീംകോടതിയിൽ. വീണ സരിൻ എന്ന 94കാരിയാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിന് പിന്നിൽ പ്രവർത്തിച്ചവരിൽ നിന്ന് 25 കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ സഞ്ജയ് കൃഷ്ണൻ കൗൾ, ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവർ വാദം കേൾക്കാനായി ഈ മാസം 14ലേക്ക് മാറ്റി. 30-35 വർഷങ്ങൾക്ക് ശേഷമുള്ള ഇത് എന്ത് തരം റിട്ട് ആണെന്ന് ഹരജി വാദം കേൾക്കാനായി മാറ്റുന്നതിനിടെ ജസ്റ്റിസ് കൗൾ ചോദിച്ചു.
താനും മരിച്ചുപോയ ഭർത്താവും കുടുംബവും അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങൾ മൂലമുള്ള വേദനയിലും ദുരിതത്തിലും ജീവിതം ചെലവഴിക്കേണ്ടി വന്നതിലുള്ള പ്രായശ്ചിത്തമായാണ് ഇങ്ങനെയൊരു ഹരജി നൽകിയെതന്ന് ഹരജിക്കാരി പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് അധികൃതരിൽ നിന്ന് കടുത അതിക്രമങ്ങളാണ് നേരിടേണ്ടി വന്നത്. തൻെറ ഭർത്താവ് 25 വർഷത്തെ കഠിനാധ്വാനം കൊണ്ട് ഉണ്ടാക്കിയെടുത്ത ഗോൾഡ് ആർട്ട് ബിസിനസ് സർക്കാർ അധികൃതർ ഇടപെട്ട് നിർത്തലാക്കി. വിലപ്പെട്ട സാധനങ്ങൾ പൊലീസ് പടിച്ചെടുത്തു.
ജയിലിലടക്കപ്പെട്ടേക്കുമെന്ന ഭയംമൂലം താനും ഭർത്താവും രാജ്യം വിടാൻ നിർബന്ധിതരായെന്നും നീതീകരിക്കാവുന്ന കാരണങ്ങളൊന്നുമില്ലാതെ പൗരാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും കടിഞ്ഞാണിട്ടുവെന്നും വീണ സരിൻ ഹരജിയിൽ ആരോപിച്ചു.
അഭിഭാഷകരായ നീല ഗോഖ്ലെ, ഹരീഷ് സാൽവെ എന്നിവർ പരാതിക്കാരിക്ക് വേണ്ടി ഹാജരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.