ഷിൻഡെ സർക്കാറിന്‍റെ ഭാവി ഇന്നറിയാം: ഉദ്ധവ് താക്കറെ വിഭാഗത്തിന്‍റെ ഹരജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാറിന്‍റെ സാധുത ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ വിഭാഗം നൽകിയ ഹരജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഏക്നാഥ് ഷിൻഡെ പക്ഷത്തേക്ക് മാറിയ 16 എം.എൽ.എമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുക. വിമത എം.എൽ.എ ഏക്നാഥ് ഷിൻഡെയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച ഗവർണ്ണറുടെ തീരുമാനത്തെയും ഹരജിയിൽ താക്കറെ പക്ഷം ചോദ്യം ചെയ്യുന്നുണ്ട്.
ഷിൻഡെ വിഭാഗം നിർദേശിച്ച എം.എൽ.എയെ ചീഫ് വിപ്പ് ആക്കിയ പുതിയ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുടെ നടപടി ചോദ്യം ചെയ്തുകൊണ്ട് താക്കറെ പക്ഷത്തിന്‍റെ ചീഫ് വിപ്പായിരുന്ന സുനിൽ പ്രഭു സമർപ്പിച്ച ഹരജിയും ഇതിനോടപ്പം കോടതി പരിഗണിക്കും. മഹാരാഷ്ട്രയിൽ വിമതനീക്കത്തിലൂടെ അധികാരം നേടിയ ഷിൻഡെ വിഭാഗത്തെ സംബന്ധിച്ച് സുപ്രീംകോടതി വിധി നിർണായകമാണ്.
53 ശിവസേന എം.എൽ.എമാർക്ക് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്ര ഭഗവത് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഏക്നാഥ് ഷിൻഡെ ഗ്രൂപ്പിലെ 39 എം.എൽ.എമാർക്കും ഉദ്ധവ് താക്കറെ ക്യാമ്പിലെ 14 എം.എൽ.എമാർക്കുമാണ് നോട്ടീസ് അയച്ചത്. വിപ്പ് ലംഘിച്ചതിന് ഇരുവിഭാഗങ്ങളും നൽകിയ പരാതിയിലാണ് നടപടി.
വിമത നീക്കത്തിനൊടുവിൽ ജൂൺ 30നാണ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാലു ദിവസങ്ങൾക്ക് ശേഷം വിശ്വാസ വോട്ടെടുപ്പിൽ 288ൽ 164 വോട്ടുകൾ നേടി വിജയിക്കുകയും ചെയ്തു. എതിർപക്ഷത്തിന് 99 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.