എസ്.സി/എസ്.ടി നിയമം: കൈപൊള്ളിയ കേന്ദ്രം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധിയുടെ കാര്യത്തിൽ രണ്ടാഴ്ച ഒളിച്ചുകളിച്ച് കൈപൊള്ളിയ കേന്ദ്രസർക്കാർ ഒടുവിൽ സുപ്രീംകോടതിയിൽ. രണ്ടംഗ ബെഞ്ചിെൻറ വിവാദവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം റിവ്യൂ ഹരജി ഫയൽ ചെയ്തു. കേസ് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 150ഒാളം പട്ടികജാതി-വർഗ സംഘടനകളുടെ അഖിലേന്ത്യ കോൺഫെഡറേഷനും കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, തിരക്കിട്ടു കേൾക്കേണ്ട അടിയന്തര സാഹചര്യമൊന്നും ഇല്ലെന്ന വിശദീകരണത്തോടെ അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ പുനഃപരിശോധന ഹരജി മാറ്റിവെച്ചിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്. അഞ്ചു പേരുടെ മരണത്തിനും അക്രമ സംഭവങ്ങൾക്കും ഇടയാക്കിയ ഭാരത് ബന്ദ് ദിനത്തിൽ തന്നെയാണ് ഇൗ സംഭവ വികാസങ്ങൾ.
ദലിത് നിയമം ദുർബലപ്പെടുത്തിയ മാർച്ച് 20ലെ സുപ്രീംകോടതി വിധി, രാജ്യത്ത് ദലിത് പീഢനങ്ങൾ വർധിക്കാൻ ഇടയാക്കുമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്.
എന്നാൽ ദലിത്, അംബേദ്കർ പ്രേമം പുറമെ പറയുന്ന കേന്ദ്രസർക്കാർ ആദ്യം അത് അവഗണിച്ചത്, സവർണ പിന്തുണ ലക്ഷ്യമിട്ടാണ്. എന്നാൽ, പ്രതിപക്ഷ പാർട്ടികളും ദലിത് സംഘടനകളും എൻ.ഡി.എ സഖ്യകക്ഷികൾ തന്നെയും സജീവമായി രംഗത്തിറങ്ങിയപ്പോൾ മറ്റു മാർഗമില്ലാതെയായി. എന്നാൽ ദലിത് വോട്ടുകൾ സമാഹരിക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്ക് തിരിച്ചടിയാണ് രാജ്യമെമ്പാടും കത്തുന്ന ദലിത് രോഷം.
റിവ്യൂ ഹരജിയിൽ പറയുന്നത്
നിയമത്തിലെ വ്യവസ്ഥാപിത തത്വങ്ങളും ചില സാഹചര്യങ്ങളും സുപ്രീംകോടതി വിധി കണക്കിലെടുക്കാതെ പോയി. കർക്കശ വ്യവസ്ഥകൾ ഉണ്ടായിട്ടുപോലും പട്ടികജാതി, പട്ടികവർഗക്കാർക്കെതിരായ അക്രമങ്ങൾ തുടരുന്നത് ഉത്കണ്ഠജനകമാണ്. ദലിത് നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ് വിട്ടയക്കുന്നവരുടെ തോത്. ദലിത് അതിക്രമ നിയമം ദുർബലപ്പെടുത്തുേമ്പാൾ, അതിനോടുള്ള പേടി കുറയും. നിയമലംഘനങ്ങൾ കൂടും. ദലിതുകൾ കൂടുതൽ പീഡിപ്പിക്കപ്പെടും.
എഫ്.െഎ.ആർ സമർപ്പിക്കുന്നതിലെ കാലതാമസം, സാക്ഷിയും പരാതിക്കാരുടെയും കൂറുമാറ്റം, കേസുകൾ സർക്കാർ ഭാഗം അഭിഭാഷകർ നേരെചൊവ്വേ പരിശോധിക്കാതിരിക്കുന്ന സംഭവങ്ങൾ, കേസ് ശരിയായി കോടതിയിൽ അവതരിപ്പിക്കാതിരിക്കൽ, തെളിവുകൾ കണക്കിലെടുക്കാതിരിക്കൽ എന്നിവയൊക്കെയുണ്ട്. ദുരുപയോഗം ചെയ്യാനുള്ള സാധ്യതയല്ല ഒരു നിയമവ്യവസ്ഥ ഇല്ലാതാക്കുന്നതിന് അടിസ്ഥാനമാകേണ്ടത്. അങ്ങനെ ചെയ്യാൻ തുടങ്ങിയാൽ ക്രിമിനൽ നിയമത്തിന് പല്ലുംനഖവും ഉണ്ടാവില്ല. പ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിക്കപ്പെടുന്നു എന്നതുതന്നെയാണ് നിയമത്തിെൻറ നെട്ടല്ല്. അത് ദുർബലപ്പെടുത്തിയാൽ അതിക്രമം തടയുകയെന്ന ലക്ഷ്യത്തെ തന്നെ ബാധിക്കും. ഭരണഘടനയുടെ 21ാം അനുച്ഛേദപ്രകാരം കുറ്റാരോപിതന് അവകാശങ്ങളുണ്ട്. അതേ അവകാശങ്ങൾ പട്ടികജാതി, പട്ടികവർഗക്കാർക്കും കിട്ടണം. നിയമം ദുർബലപ്പെടുത്തുന്നത് അവകാശ നിഷേധമായി മാറും. മാർച്ച് 20ലെ കോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്.
ദലിത് നിയമം 1989
ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നത് 1949ൽ. നാലു പതിറ്റാണ്ടിനു ശേഷം 1989ലാണ് എസ്.സി/എസ്.ടി (പ്രിവൻഷൻ ഒാഫ് അേട്രാസിറ്റിസ്) ആക്ട് നിലവിൽ വന്നത്. ദലിത് നിയമം എന്നപേരിൽ അറിയപ്പെട്ടു. ഭരണഘടനയുടെ 17ാം ഖണ്ഡികയിൽ അയിത്തം നിരോധിച്ചു. എന്നാൽ, അയിത്താചരണം സമൂഹത്തിൽ ഒളിഞ്ഞും തെളിഞ്ഞും തുടർന്നു. അയിത്താചരണം ക്രമിനൽ കുറ്റമാക്കി 1955ൽ കേന്ദ്ര സർക്കാർ അയിത്തം (കുറ്റകൃത്യങ്ങൾ) നിയമം െകാണ്ടുവന്നു. ദലിതുകളെ ഏതു മേഖലയിൽനിന്ന് അകറ്റിനിർത്തിയാലും അത് ശിക്ഷാർഹമാണ്.
സുപ്രീംകോടതി ജഡ്ജിമാരിൽ ദലിത് വിഭാഗക്കാരില്ല
ന്യൂഡൽഹി: പട്ടികജാതി-വർഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധി രാജ്യമാകെ ദലിത് രോഷമായി കത്തിപ്പടർന്നതിനൊപ്പം മറ്റൊരു യാഥാർഥ്യവും സജീവ ചർച്ചയിൽ. നിയമം ദുർബലപ്പെടുത്തി വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയിൽ ദലിത് വിഭാഗത്തിൽപെട്ട ഒറ്റ ജഡ്ജി പോലുമില്ല. രാജ്യത്തെ വിവിധ ഹൈകോടതികളിലും ദലിത് വിഭാഗക്കാരായ ചീഫ് ജസ്റ്റിസുമാരില്ല. 2010 മേയിൽ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് കെ.ജി. ബാലകൃഷ്ണൻ വിരമിച്ച ശേഷം ഉയർന്ന നീതിപീഠങ്ങളിൽ പിന്നാക്ക വിഭാഗത്തിൽപെട്ടവർ കാര്യമായില്ല. ഹൈകോടതി ചീഫ് ജസ്റ്റിസുമാരെയോ സുപ്രീംകോടതി ജഡ്ജിമാരെയോ നിയമിക്കുന്നതിൽ സംവരണ മാനദണ്ഡമൊന്നുമില്ല. എന്നാൽ, വിവിധ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകുന്നതിൽ സർക്കാർ ശ്രദ്ധിക്കുമെന്നാണ് സങ്കൽപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.