നാലിൽ മൂന്ന് ഇന്ത്യക്കാർക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് യു.എൻ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: നാലിൽ മൂന്ന് ഇന്ത്യക്കാർക്കും (74.1 ശതമാനം) ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ ഏജൻസിയുടെ റിപ്പോർട്ട്. 2021ലെ കണക്കുകൾ പ്രകാരം തയാറാക്കിയ റിപ്പോർട്ടിൽ 104 കോടി ഇന്ത്യക്കാരാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാതെയുള്ളതെന്ന് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് 81.3 കോടി ആളുകൾക്ക് മാത്രമേ ഭക്ഷ്യസഹായം ആവശ്യമുള്ളൂവെന്ന കേന്ദ്ര സർക്കാറിന്‍റെ കണക്കുകൾക്ക് വിരുദ്ധമാണിത്. 2020-22 കാലഘട്ടത്തിൽ ഇന്ത്യയിലെ പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതം 16.6 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ 74.1 ശതമാനമാകുമ്പോൾ, അയൽ രാജ്യമായ ബംഗ്ലാദേശിൽ ആരോഗ്യകരമായ ഭക്ഷണം ലഭിക്കാത്തവരുടെ ശതമാനം 66ഉം പാകിസ്താനിൽ 82ഉം ആണ്. ഇറാനിൽ 30 ശതമാനം, ചൈനയിൽ 11 ശതമാനം, റഷ്യയിൽ 2.6, യു.എസിൽ 1.2, ബ്രിട്ടണിൽ 0.4 ശതമാനം എന്നിങ്ങനെയാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാത്തവരുടെ കണക്ക്.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ (എഫ്.എ.ഒ) പുറത്തുവിട്ട ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
അതേസമയം, എഫ്.എ.ഒയുടെ കണക്കുകൾ തള്ളുകയാണ് കേന്ദ്ര സർക്കാർ. 3000 പേർക്കിടയിൽ എട്ട് ചോദ്യങ്ങൾ നൽകി നടത്തിയ സർവേയിലാണ് ഇന്ത്യയിൽ പോഷകാഹാരക്കുറവുള്ള 16.6 ശതമാനം പേരുണ്ടെന്ന് കണ്ടെത്തിയതെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഇന്ത്യയെ പോലെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് ഇങ്ങനെ ചെറിയ സാംപിൾ വലുപ്പത്തിൽ സർവേ നടത്തിയാൽ തെറ്റായ വിവരമാണ് ലഭിക്കുകയെന്നാണ് വാദം.
നേരത്തെ, ഒക്ടോബറിൽ പുറത്തുവിട്ട 2023ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 111 ആയിരുന്നു. അയൽരാജ്യങ്ങളായ പാകിസ്താൻ (102), ബംഗ്ലാദേശ് (81), നേപ്പാൾ (69), ശ്രീലങ്ക (60) എന്നിവ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. എന്നാൽ, അപ്പോഴും സർവേ രീതികളെ കുറ്റപ്പെടുത്തുകയാണ് ഇന്ത്യ ചെയ്തത്. ഇന്ത്യയെ മോശമായിക്കാണിക്കുക ലക്ഷ്യമിട്ടുള്ളതാണെന്നും ആരോപിച്ചിരുന്നു.
നിലവിൽ, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിലൂടെ 81.3 കോടി പേർക്കാണ് പ്രതിമാസം അഞ്ച് കിലോ ധാന്യം സൗജന്യമായി നൽകുന്നത്. കഴിഞ്ഞ മാസം കേന്ദ്ര മന്ത്രിസഭ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.
അതേസമയം, ഭക്ഷ്യസുരക്ഷക്കായി പ്രവർത്തിക്കുന്ന റൈറ്റ് ടു ഫുഡ് കാമ്പയിൽ എന്ന എൻ.ജി.ഒയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ആരോഗ്യകരമായ ഭക്ഷണം ലഭിക്കാത്ത 104.3 കോടി ജനങ്ങളെങ്കിലും ഉണ്ട്. കേന്ദ്ര സർക്കാർ 2011ലെ സെൻസസ് അധികരിച്ചാണ് 81.3 കോടി പേർക്കാണ് ഭക്ഷ്യസഹായം ആവശ്യമെന്ന കണക്ക് പറയുന്നത്. എന്നാൽ, അടുത്ത സെൻസസ് നടത്താനുള്ള സമയം പിന്നിട്ടിട്ട് രണ്ട് വർഷം കൂടി കഴിഞ്ഞിരിക്കുകയാണ്. പുതിയ സെൻസസ് നടത്താതെ ഭക്ഷ്യസഹായം ആവശ്യമുള്ളവർക്ക് പി.എം.ജി.കെ.എ.വൈ പദ്ധതിയുടെ ഭാഗമാവാനാവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.