ആശയം കൊള്ളാം, പക്ഷേ നടത്തിപ്പ് പാളി; പാഴ്വസ്തുക്കൾ കൊണ്ട് നിർമിച്ച ഗാന്ധി പ്രതിമയുടെ മുഖം വികൃതം; വിമർശനത്തിന് പിന്നാലെ നീക്കം ചെയ്ത് അധികൃതർ
text_fieldsലഖ്നോ: ഗാന്ധി ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി പാഴ്വസ്തുക്കൾ കൊണ്ട് ഗാന്ധി പ്രതിമ നിർമിച്ച് മീററ്റ് മുൻസിപ്പൽ കോർപറേഷൻ. പാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഗാന്ധി പ്രതിമയെന്ന ആശയം പ്രശംസനീയമായിരുന്നെങ്കിലും ഗാന്ധിയുടെ മുഖം ഭീതിപ്പെടുത്തുന്ന തരത്തിലായതോടെ നടത്തിപ്പിൽ പാളിച്ച പറ്റിയെന്നാണ് പൊതുവിമർശനം.
ഐ ലവ് മീററ്റ് സെൽഫി പോയിന്‍റിൽ ഓക്ടോബർ രണ്ടിനായിരുന്നു പ്രതിമയുടെ അനാച്ഛാദനം. വിരൂപമായായിരുന്നു ഗാന്ധി പ്രതിമയിലെ മുഖമുണ്ടായിരുന്നത്. ഇത് അസ്വസ്ഥയുണ്ടാക്കുന്നതാണെന്നും ഗാന്ധിയുടെ മുഖം ഭയപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് സെൽഫി പോയിന്‍റിലെത്തി സെൽഫിയെടുക്കാതെ മടങ്ങിയത്!
പ്രതിമയുടെ ചിത്രം പ്രചരിച്ചതോടെ പ്രതിമ ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. വിമർശനം കനത്തതോടെ പ്രതിമ പിന്നീട് നീക്കം ചെയ്യുകയായിരുന്നു.
ഒരു ലക്ഷം രൂപയാണ് പ്രതിമയുടെ നിർമാണ ചെലവ്. ഇക്കോ ഇന്ത്യ ഇന്നൊവേഷൻ കമ്പനിയിലെ ആർട്ടിസ്റ്റ് ഡോ. പ്രിൻസ് രാജാണ് പ്രതിമ നിർമിച്ചത്. ഓയിൽ ഡ്രം ഉപയോഗിച്ചാണ് പ്രതിമ നിർമിച്ചത്. കട്ടിങ് സ്ക്രാപ്പും ഓട്ടോറിക്ഷ ടയറുകളും നട്ട് ബോൾട്ടുകളും നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. 15 ദിവസം കൊണ്ടാണ് പ്രതിമ തയ്യാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.