പാർലമെന്റ് രേഖകൾ സാക്ഷി; ‘തോട്ടിപ്പണി’ക്ക് ജാതിയുണ്ട്
text_fieldsന്യൂഡൽഹി: രാജ്യത്ത് തോട്ടിപ്പണി നിരോധിച്ചിട്ട് പതിനൊന്ന് വർഷം പിന്നിട്ടു. ഇപ്പോഴും, പല സംസ്ഥാനങ്ങളിലും തോട്ടിപ്പണി തുടരുന്നുവെന്ന റിപ്പോർട്ടിനെതുടർന്ന്, കഴിഞ്ഞവർഷം ഒക്ടോബറിൽ വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടിരുന്നു. തോട്ടിപ്പണി പൂർണമായും നിർത്തലാക്കിയെന്ന് ഉറപ്പിക്കാൻ സർവേ നടത്തണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് കോടതി ആവശ്യപ്പെട്ടു. ഒരു വർഷത്തിനിപ്പുറം, രാജ്യത്തെ തോട്ടിപ്പണിക്കാരുടെ എണ്ണം പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ.
ഈ ജോലി ചെയ്യുന്നവരിൽ 92 ശതമാനം പേരും പിന്നാക്ക വിഭാഗത്തിൽപെട്ടവരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തോട്ടിപ്പണി (മാന്വൽ സ്കാവൻജിങ്) എന്നതിന് പകരം ‘അഴുക്കുചാൽ സെപ്റ്റിക് ടാങ്ക് ശുചീകരണ’ത്തിൽ ഏർപ്പെടുന്നവർ എന്നാണ് ഈ ഗണത്തിലുള്ള തൊഴിലാളികളെ വിശേഷിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവും രാജസ്ഥാനിലെ ഗംഗാനഗറിൽനിന്നുള്ള എം.പിയുമായ കുൽദീപ് ഇന്ദോറയുടെ ചോദ്യത്തിന് സാമൂഹിക നീതി മന്ത്രാലയം നൽകിയ മറുപടിയിലാണ് രാജ്യത്തെ ‘തോട്ടിപ്പണി’ക്കാരുടെ വിവരങ്ങളുള്ളത്.
രാജ്യത്ത് ആകെ ‘തോട്ടിപ്പണി’ക്കാരുടെ എണ്ണം 54,574 ആണ്. ‘ശുചീകരണം’ എന്നത് കേവലമൊരു ജോലി മാത്രമാണെന്നും അതിന് ജാതിയുമായി ബന്ധമില്ലെന്നും മറുപടിയിൽ പറയുമ്പോഴും മറ്റൊരു ജോലിക്കുമില്ലാത്ത പ്രാതിനിധ്യ സ്വഭാവം ഇതിൽ വ്യക്തം. അരലക്ഷത്തിൽപരം തൊഴിലാളികളിൽ 37,060ഉം പട്ടികജാതി വിഭാഗത്തിൽനിന്നുള്ളവരാണ്.
തോട്ടിപ്പണിക്കാരുടെ പുനരധിവാസം ലക്ഷ്യമാക്കി മന്ത്രാലയത്തിന് കീഴിൽ കഴിഞ്ഞവർഷം തുടങ്ങിയ ‘നമസ്തേ’ പ്രോഗ്രാമും വേണ്ടത്ര വിജയിച്ചില്ലെന്നാണ് മറുപടി വ്യക്തമാക്കുന്നത്. ഒരു വർഷത്തിനിടെ തൊഴിലാളികൾക്കായി ആകെ ലഭ്യമാക്കിയത് 16,791 പി.പി.ഇ കിറ്റുകളാണ്. 70 ശതമാനം തൊഴിലാളികൾക്കും ആയുഷ്മാൻ ആരോഗ്യ കാർഡ് ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.