രാഷ്ട്രപതിയെ ആനയിക്കാൻ ചെങ്കോൽ; പാർലമെന്റിൽ ‘ജയ് ശ്രീറാം’ ആരവം
text_fieldsന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിലേക്ക് രാഷ്ട്രപതിയെ ആനയിക്കാൻ ചെങ്കോൽ. അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് പിന്നാലെ തുടങ്ങിയ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തെ മുക്കി ‘ജയ് ശ്രീറാം’ ആരവം. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പത്തെ അവസാന സമ്മേളനത്തിൽ മോദിസർക്കാറിന്റെ ഭരണനേട്ടങ്ങളുടെ വിവരണമായി രാഷ്ട്രപതിയുടെ പ്രസംഗം.
ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യുന്ന ബജറ്റ് സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇതാദ്യമായാണ് നടന്നത്. രാഷ്ട്രപതി പുതിയ മന്ദിരത്തിൽ എത്തിയതും ആദ്യം. ലോക്സഭ, രാജ്യസഭാംഗങ്ങളെ പങ്കെടുപ്പിച്ച് പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിൽ നടന്നുവന്ന ഈ സമ്മേളനം നടപടിക്രമങ്ങളിൽ പുതുമ വരുത്തിയാണ് ബുധനാഴ്ച ലോക്സഭ ഹാളിൽ അരങ്ങേറിയത്.
പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിൽ ‘താര’മായശേഷം ലോക്സഭ ഹാളിൽ സ്പീക്കറുടെ വേദിക്കരികിൽ സ്ഥാപിച്ചിരുന്ന ചെങ്കോൽ സംയുക്ത സമ്മേളനത്തിലും താരമായി. കുതിരയെ പൂട്ടിയ രഥത്തിൽ രാഷ്ട്രപതി ഭവനിൽ നിന്ന് പാർലമെന്റ് മന്ദിരത്തിലേക്ക് എത്തിയ ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രിയും രണ്ടു സഭാധ്യക്ഷന്മാരും ചേർന്ന് സ്വീകരിച്ച് മന്ദിരത്തിലേക്ക് ആനയിച്ചപ്പോൾ പ്രത്യേക വേഷംധരിച്ച പാർലമെന്റ് ജീവനക്കാരൻ ചെങ്കോൽ ആദരപൂർവം ഏന്തി മുന്നിൽ നടന്നു. രാഷ്ട്രപതി എത്തുന്നതിനു മുമ്പേ ചെങ്കോൽ ചടങ്ങ് തുടങ്ങി.
ലോക്സഭ സ്പീക്കർ ഓം ബിർലയുടെ അകമ്പടിയിലാണ് സ്പീക്കറുടെ വേദിക്കരികിൽ ചില്ലുപേടകത്തിൽ സ്ഥാപിച്ച ചെങ്കോൽ എടുത്ത് പാർലമെന്റിന്റെ പ്രധാന കവാടത്തിലേക്ക് നീങ്ങിയത്. അതിവിശിഷ്ട വ്യക്തികളെ ആനയിച്ച് മുന്നിൽ നടന്ന ചെങ്കോൽ വാഹകൻ, രാഷ്ട്രപതി സ്പീക്കറുടെ വേദിയിലേക്ക് കയറുന്നതിനിടയിൽ നടുത്തളത്തിൽ സെക്രട്ടറി ജനറലിന്റെയും മറ്റു ജീവനക്കാരുടെയും ഇരിപ്പിടങ്ങൾക്ക് അരികെ രാഷ്ട്രപതിയുടെ കസേരക്ക് മുന്നിലായി ചെങ്കോൽ സ്ഥാപിച്ചു.
സംയുക്ത സമ്മേളനത്തെ അഭിസംബോധനചെയ്ത് തീരുംവരെ ചെങ്കോൽ വാഹകൻ വേദിക്കുതാഴെ ആദരപൂർവം നിലകൊണ്ടു.
തുടർന്ന് രാഷ്ട്രപതിയുടെ മടക്കയാത്രയിലും ചെങ്കോൽ മുന്നിൽ നീങ്ങി. പ്രധാന കവാടത്തിൽനിന്ന് കുതിരയെ പൂട്ടിയ രഥത്തിൽ രാഷ്ട്രപതി തിരിച്ചുപോയശേഷം ലോക്സഭ ഹാളിലേക്ക് തിരിച്ചെത്തുമ്പോൾ സ്പീക്കർക്കു മുന്നിലായിരുന്നു ചെങ്കോൽ. സ്പീക്കറുടെ സാന്നിധ്യത്തിൽ ചെങ്കോൽ ചില്ലുപേടകത്തിൽ സ്ഥാപിച്ചു.
സംയുക്ത സൈനിക മേധാവിക്കും മുഖ്യ സേനാധിപന്മാർക്കും നടുത്തളത്തിൽ ലോക്സഭ, രാജ്യസഭ സെക്രട്ടറി ജനറൽമാരുടെ കസേരക്ക് അടുത്തായിരുന്നു ഇരിപ്പിടം. മുൻകാലങ്ങളിൽ വേദിയുടെ ഇടതുവശത്തെ അരികിലായിരുന്നു ഇവർക്ക് സ്ഥാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി എം.പിമാർക്കുള്ള ഇരിപ്പിടങ്ങൾക്ക് നടുവിലാണ് ഇരുന്നത്.
അഭിസംബോധനക്കുശേഷം ഭരണ-പ്രതിപക്ഷ നേതാക്കൾക്കു മുന്നിലൂടെ രാഷ്ട്രപതി അഭിവാദ്യംചെയ്ത് നടക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇത്തവണ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ അടുത്തേക്ക് രാഷ്ട്രപതി പോയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.