മെയ്തേയികൾക്ക് പട്ടികവർഗ പദവി: പുനഃപരിശോധന ഹരജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ്
text_fieldsഇംഫാൽ: മെയ്തേയി സമുദായത്തെ പട്ടികവർഗ (എസ്.ടി) ലിസ്റ്റിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാറിനോട് നിർദേശിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ കേന്ദ്രസർക്കാറിനും സംസ്ഥാന സർക്കാറിനും മണിപ്പൂർ ഹൈകോടതി നോട്ടീസയച്ചു. മെയ്തേയി ട്രൈബ്സ് യൂനിയനാണ് (എം.ടി.യു) പുനഃപരിശോധന ഹരജി നൽകിയത്. മാർച്ച് 27ലെ ഉത്തരവ് പുറപ്പെടുവിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി. മുരളീധരൻ അടങ്ങിയ ബെഞ്ച് തന്നെയാണ് ഇതിലും വാദം കേൾക്കുക.
മെയ്തേയികളെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷയുമായി ബന്ധപ്പെട്ട ഫയലിൽ കേന്ദ്ര ആദിവാസി മന്ത്രാലയത്തിന് മറുപടി നൽകാൻ മണിപ്പൂർ സർക്കാറിനോട് അന്നത്തെ ഉത്തരവിൽ കോടതി നിർദേശിച്ചിരുന്നു. 2013 മുതൽ പട്ടികജാതി പദവിക്കുവേണ്ടിയുള്ള നിരവധി അപേക്ഷകൾ മെയ്തേയികൾ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ, സംസ്ഥാന സർക്കാർ അതിൽ നടപടിയെടുത്തില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. നാലാഴ്ചക്കകം മെയ്തേയി സമുദായത്തെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്നും സംസ്ഥാന സർക്കാറിനോട് കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് മണിപ്പൂരിൽ മെയ്തേയി, കുക്കി വിഭാഗങ്ങൾക്കിടയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതും ഇതിനകം നൂറിലധികം ജീവൻ നഷ്ടമായതും.
ഉത്തരവിലെ ഈ ഭാഗം പരിഷ്കരിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് എം.ടി.യുവിന്റെ അഭിഭാഷകൻ പറഞ്ഞു.
ഏതെങ്കിലും സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് പാർലമെന്റിന്റെയും രാഷ്ട്രപതിയുടെയും പ്രത്യേകാവകാശമാണെന്ന് സുപ്രീംകോടതി വിധിയുണ്ട്. അതിനാൽ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന കോടതിയുടെ നിർദേശം ശരിയല്ല. സിംഗിൾ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. ഹരജി ജൂലൈ അഞ്ചിന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.