പ്രൊഫ. മുസാഫർ അസ്സാദി അന്തരിച്ചു
text_fieldsമംഗളൂരു: മുതിർന്ന പണ്ഡിതനും ചിന്തകനും എഴുത്തുകാരനും മൈസൂരു സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം ആക്ടിങ് വൈസ് ചാൻസലറും ഡീനുമായ പ്രൊഫ. മുസാഫർ ഹുസൈൻ അസ്സാദി അന്തരിച്ചു. 63 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആദിവാസി സമൂഹങ്ങളുടെ ജീവിതത്തെയും ജീവിതരീതിയെയും കുറിച്ച് വിപുലമായ പഠനങ്ങൾ നടത്തിയ എഴുത്തുകാരനാണ്. ഗോത്രവർഗക്കാരുടെ കുടിയിറക്കം പരിഹരിക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു. കാർഷിക പഠനം, ആഗോളവൽക്കരണം, ഗാന്ധിയൻ തത്ത്വചിന്ത, രാഷ്ട്രീയ സാമൂഹികശാസ്ത്രം, ജനാധിപത്യ സിദ്ധാന്തങ്ങൾ, സാമൂഹിക പ്രസ്ഥാനങ്ങൾ, താരതമ്യ ഭരണം, ഇന്ത്യൻ രാഷ്ട്രീയം, മനുഷ്യാവകാശങ്ങൾ, ആഗോള രാഷ്ട്രീയ സിദ്ധാന്തങ്ങൾ തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന്‍റെ ഗവേഷണങ്ങളും സംഭാവനകളും വ്യാപിച്ചു കിടക്കുന്നു.
ഉഡുപ്പി ജില്ലയിലെ ഷിർവ സ്വദേശിയായ ഡോ. മുസാഫർ അസ്സാദി മംഗളൂരു സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും എംഫിലും പൂർത്തിയാക്കി. കൂടാതെ പിഎച്ച്.ഡി ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് (ജെ.എൻ.യു). പിന്നീട് ചിക്കാഗോ യൂനിവേഴ്സിറ്റിയിൽ റോക്ക്ഫെല്ലർ ഫെല്ലോഷിപ്പും പോസ്റ്റ്-ഡോക്ടറൽ പഠനവും നടത്തി. അദ്ദേഹം 11 പുസ്തകങ്ങൾ രചിച്ചു. ട്രൈബൽ ഡിസ്പ്ലേസ്മെന്‍റ് സംബന്ധിച്ച ഹൈകോടതി കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. റായ്ച്ചൂർ സർവകലാശാലയുടെ സ്പെഷ്യൽ ഓഫീസറായി സേവനമനുഷ്ഠിച്ചു. കർണാടക സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ പ്രൊഫ. അസ്സാദിക്ക് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.