ആദിവാസികൾ ഒരിക്കലും ഹിന്ദുക്കളെല്ലന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ; വിവാദം
text_fields
റാഞ്ചി: ആദിവാസികൾ ഒരിക്കലും ഹിന്ദുക്കളല്ലെന്നും ഇനിയൊട്ട് ആകാൻ സാധിക്കില്ലെന്നുമുള്ള ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറെൻറ പ്രസ്താവനയെ ചൊല്ലി വിവാദം. കഴിഞ്ഞ ദിവസം നടന്ന ഹാർവഡ് യൂനിവേഴ്സിറ്റി വാർഷിക ഇന്ത്യൻ സമ്മേളനത്തിലായിരുന്നു പരാമർശം. പരിപാടിയിൽ പ്രഭാഷകനായി എത്തിയ സോറെൻറ സംസാരത്തിനു ശേഷം ചോദ്യോത്തര വേളയിൽ ആദിവാസികളും ഗോത്രവർഗക്കാരും ഹിന്ദുക്കളാണോ എന്ന ഒരാളുടെ ചോദ്യത്തിന് നൽകിയ മറുപടിയാണ് വിവാദമുയർത്തിയത്.
''ആ സമുദായം എല്ലാ കാലത്തും പ്രകൃതിയെ ആരാധിക്കുന്നവരാണ്. അതുകൊണ്ടാണ് അവർ തദ്ദേശീയ വിഭാഗമായി പരിഗണിക്കപ്പെടുന്നത്. 32 ഗോത്ര വർഗ വിഭാഗങ്ങളുണ്ട് നമ്മുടെ സംസ്ഥാനത്ത്. പക്ഷേ, ഝാർഖണ്ഡിൽ നമ്മുടെ ഭാഷയും സംസ്കാരവും പ്രോൽസാഹിപ്പിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല''- സോറൻ പറഞ്ഞു.
അടുത്ത കാനേഷുമാരിയിൽ ഇവർക്കായി പ്രത്യേക കോളം നൽകാൻ കേന്ദ്രത്തോട് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു. അതുവഴി അവർക്ക് സ്വന്തം പാരമ്പര്യവും സംസ്കാരവും നിലനിർത്താനാകും.
പട്ടിക ജാതി, വർഗ വിഭാഗങ്ങളിൽ പെട്ടവർ വർഷങ്ങളായി അവഗണിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുകയാണ്. 3.24 കോടി ആദിവാസികൾ രാജ്യത്തുണ്ട്. ഝാർഖണ്ഡിൽ 26 ശതമാനവും ആദിവാസികളാണ്. താൻ ഒരു ആദിവാസി ആയിട്ടും മുഖ്യമന്ത്രി പദത്തിലെത്തിയത് ഒട്ടും എളുപ്പമായിരുന്നില്ലെന്നും ഝാർഖണ്ഡ് മുക്തി മോർച്ച അധ്യക്ഷൻ കൂടിയായ സോറൻ പറഞ്ഞു.
ആദിവാസികളെ ഹിന്ദുവിനൊപ്പം ചേർക്കാൻ രാഷ്ട്രീയ നീക്കം നടക്കുന്നതായും അത് സ്വന്തം മതമെന്ന അവരുടെ സങ്കൽപത്തിന് എതിരാണെന്നും സോറൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.