കോവിഡ്: സ്കൂൾ അടച്ചിടുന്നത് ന്യായമല്ല -ലോകബാങ്ക്
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ പുതിയ തരംഗങ്ങളുടെ പേരിൽ സ്കൂളുകൾ അടച്ചിടുന്നത് നീതീകരിക്കാനാവില്ലെന്ന് ലോകബാങ്ക്. ഇനിയും തരംഗങ്ങൾ ഉണ്ടായാലും സ്കൂളുകൾ അടക്കുന്നത് അവസാന മാർഗമായിരിക്കണമെന്നും ലോകബാങ്കിന്റെ ആഗോള വിദ്യാഭ്യാസ ഡയറക്ടർ ജെയ്മി സാവേദ്ര പറഞ്ഞു.
സ്കൂളുകൾ സുരക്ഷിതമായ ഇടമല്ലെന്നതിനും വീണ്ടും തുറന്നത് മഹാമാരി വ്യാപിക്കാൻ ഇടയാക്കിയെന്നതിനും തെളിവില്ലെന്നും വിദ്യാഭ്യാസ മേഖലയിൽ കോവിഡ് സൃഷ്ടിച്ച ആഘാതത്തെ കുറിച്ച് പഠിക്കുന്ന ലോകബാങ്ക് സംഘത്തിന്റെ തലവനായ സാവേദ്ര വെളിപ്പെടുത്തി. മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകുന്നതുവരെ സ്കൂൾ അടച്ചിടുകയെന്നത് പൊതുനയത്തിന് ചേർന്നതല്ലെന്നും അതിൽ ശാസ്ത്രീയ വശമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
''കോവിഡ് വ്യാപനത്തിനും സ്കൂളുകൾ തുറന്നതിനും തമ്മിൽ ബന്ധമില്ല. ഇവ രണ്ടും ബന്ധിപ്പിക്കുന്നതിന് തെളിവില്ല. അതുകൊണ്ടുതന്നെ അടച്ചിടുന്നതിൽ നീതീകരണമില്ല. പുതിയ തരംഗങ്ങൾ ഉണ്ടാവുകയാണെങ്കിലും സ്കൂൾ പൂട്ടുകയെന്നത് അവസാന നടപടിയായിരിക്കണം. ഭക്ഷണശാലകളും ബാറുകളും മാളുകളും തുറന്നിടുകയും സ്കൂൾ അടച്ചിടുകയും ചെയ്യുന്നതിൽ യുക്തിയില്ല'' -വാഷിങ്ടണിൽനിന്ന് പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു.
സ്കൂൾ തുറന്നതുമൂലം കുട്ടികൾക്കുള്ള രോഗസാധ്യത വിരളമാണെന്നും അതേസമയം അടച്ചിടുന്നതുകൊണ്ട് ലോകം നൽകേണ്ടിവരുന്ന വില വളരെ ഉയർന്നതാണെന്നുമാണ് ലോകബാങ്കിന്റെ നിരീക്ഷണങ്ങൾ വെളിപ്പെടുത്തുന്നത്.
2020 വർഷത്തിൽ നാം അറിവില്ലായ്മയുടെ സാഗരത്തിൽ അലയുകയായിരുന്നു. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഏറ്റവും മികച്ച വഴിയേതെന്ന് നമുക്കറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ സ്കൂളടക്കുകയായിരുന്നു മിക്ക രാജ്യങ്ങളുടെയും അടിയന്തര നടപടി. കാലം മുന്നോട്ടുപോവുകയും 2020 അവസാനത്തിലും 2021ലും നിരവധി വിവരങ്ങൾ നമുക്ക് ലഭിക്കുകയുമുണ്ടായി. പിന്നീടും തരംഗങ്ങൾ ഉണ്ടായെങ്കിലും നിരവധി രാജ്യങ്ങൾ സ്കൂളുകൾ തുറന്നു. സ്കൂൾ അടച്ചിട്ട പല രാജ്യങ്ങളിലും വീണ്ടും തരംഗമുണ്ടായി -സാവേദ്ര തുടർന്നു.
ഇന്ത്യയിൽ 'പഠന ദാരിദ്ര്യം' ഭീകരം
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കാലത്ത് സ്കൂളുകൾ അടച്ചതിന്റെ പ്രത്യാഘാതം വിചാരിച്ചതിനെക്കാൾ ഭീകരമാണെന്ന് ലോകബാങ്ക് ആഗോള വിദ്യാഭ്യാസ ഡയറക്ടർ ജെയ്മി സാവേദ്ര. അടച്ചിടൽ കാരണം രാജ്യത്ത് 'പഠന ദാരിദ്ര്യം' കണക്കുകൂട്ടിയതിനെക്കാൾ ഏറെയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. 10 വയസ്സുള്ള വിദ്യാർഥിക്ക് ഒരു സാധാരണ പാഠഭാഗം വായിക്കാനും മനസ്സിലാക്കാനും കഴിയാത്ത അവസ്ഥയാണ് 'പഠന ദാരിദ്ര്യം'.
''പഠന നഷ്ടം മൂലവും കുട്ടികൾ സ്കൂളിൽ വരാത്തതുകൊണ്ടും രാജ്യത്ത് പഠന ദാരിദ്ര്യം 55 ശതമാനത്തിൽനിന്ന് 70 ശതമാനമായി ഉയരും. കോവിഡ് കാലത്ത് പഠനക്രമീകരണം കൊണ്ട് നഷ്ടമായ പഠനകാലം ഒരുവർഷം മുഴുവനുമാണ്. ഇതുകൊണ്ടുമാത്രം വിദ്യാർഥിയുടെ ഭാവി വരുമാനത്തിൽ ഒമ്പതു ശതമാനം വാർഷിക നഷ്ടമുണ്ടാകുമെന്ന് കണക്കാക്കാം.
മഹാമാരിക്കു മുമ്പുതന്നെ രാജ്യത്ത് വിദ്യാഭ്യാസ രംഗത്തുള്ള അസമത്വവും പഠന ദാരിദ്ര്യവും വളരെ കൂടുതലാണ്. അതിനൊപ്പം അടച്ചിടൽ കൊണ്ടുള്ള പഠന ദാരിദ്ര്യം കുട്ടികളുടെയും യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിജീവിതത്തിൽ നഷ്ടങ്ങൾ സൃഷ്ടിക്കും''- സാവേദ്ര വിവരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.