വേതനത്തിനായി കേരളത്തിലെ സ്കൂൾ പാചക തൊഴിലാളികൾ കേന്ദ്രത്തിന് മുന്നിൽ
text_fieldsന്യൂഡൽഹി: കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ പരസ്പര തർക്കത്തിനിടയിൽ കേരളത്തിലെ പതിനായിരക്കണക്കിന് സ്കൂൾ പാചക തൊഴിലാളികളുടെ വേതന പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്ന ആവശ്യവുമായി സ്കൂൾ പാചക തൊഴിലാളികൾ നിവേദനവുമായി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും മുന്നിൽ. മാസങ്ങളായി വേതന വിതരണത്തിലുണ്ടാകുന്ന കാലതാമസം കേരളത്തിലെ സ്കുളുകളിലെ പാചകതൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കിയെന്ന് സ്കൂൾ പാചക തൊഴിലാളി സംഘടന സംസ്ഥാന കമ്മിറ്റി നൽകിയ നിവേദനത്തിൽ ബോധിപ്പിച്ചു.
കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് പ്രശ്നമെന്ന് കേരള സർക്കാർ പറയുന്നത് കണക്കിലെടുത്താണ് സംഘടനയുടെ സംസ്ഥാന കമ്മിറ്റി നിവേദനവുമായി പ്രധാനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും മുമ്പിലെത്തിയത്. സംസ്ഥാന പ്രസിഡന്റ് എസ്. ശകുന്തള, ജനറൽ സെക്രട്ടറി ജി. ഷാനവാസ്, ഒ. പദ്മനാഭൻ, കെ.എസ് ജോഷി, എൻ.പി സുമതി, പി.എം ശംസുദ്ദീൻ, റോസി റപ്പായി എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
250 കുട്ടികൾക്ക് ഒരു പാചകക്കാരൻ എന്ന നിലക്കാക്കി അധ്വാന ഭാരം കുറക്കുക, മിനിമം വേതനം 900 രൂപയാക്കുക, പ്രായപരിധി 70 വയസാക്കി നിജപ്പെടുത്തുക, പിരിഞ്ഞുപോകുമ്പോൾ അഞ്ച് ലക്ഷം സഹായധനമായി നൽകുക തുടങ്ങിയ ആവശ്യങ്ങളും സംഘടന നിവേദനത്തിൽ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.