ബംഗാൾ അധ്യാപക നിയമന അഴിമതി; മുൻ മന്ത്രിക്കും സുഹൃത്തിനുമെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്കൂൾ അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന പാർഥ ചാറ്റർജിയുടെയും സുഹൃത്തും നടിയുമായ അർപ്പിത മുഖർജിക്കുമെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കൊൽക്കത്തിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇവരുടെ 100 കോടിയുടെ സ്വത്തുക്കളും പണവും പിടിച്ചെടുത്തതായി കുറ്റപത്രത്തിൽ പറയുന്നു. അറസ്റ്റിലായതിനെ തുടർന്ന് തൃണമൂൽ കോൺഗ്രസ് പാർഥ ചാറ്റർജിയെ മന്ത്രി സ്ഥാനത്തുനിന്നും പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നു.
പാർഥ ചാറ്റർജിയുടെയും അർപ്പിത മുഖർജിയുടെയും 46.22 കോടിയുടെ ഇ.ഡി കണ്ടുകെട്ടി. ഇതിൽ ഫാം ഹൗസ്, ഫ്ലാറ്റുകൾ, കൊൽക്കത്തയിലെ കണ്ണായ സ്ഥലങ്ങൾ എന്നിവക്ക് 40.33 കോടി വില വരും. ഇതുകൂടാതെ 35 ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന 7.89 കോടിയും ഉൾപ്പെടും. കണ്ടുകെട്ടിയ സ്വത്തുക്കളിൽ പലതും കടലാസ് കമ്പനികളുടെയും ബിനാമികളുടെയും പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഇ.ഡി അറിയിച്ചു. പാർഥ ചാറ്റർജിയും അർപ്പിത മുഖർജിയും ജൂലൈയിലാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെ ഇ.ഡി നടത്തിയ പരിശോധനയിൽ 49.80 കോടിയുടെ കറൻസിയും 55 കോടിയുടെ സ്വർണവും പിടികൂടിയിരുന്നു.
വൈസ് ചാൻസലറെ സി.ബി.ഐ അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഹൈസ്കൂൾ അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ പശ്ചിമ ബംഗാൾ സെൻട്രൽ സ്കൂൾ സർവിസ് കമീഷൻ മുൻ ചെയർപേഴ്സണും നോർത്ത് ബംഗാൾ സർവകലാശാല വൈസ് ചാൻസലറുമായ സുബിരെസ് ഭട്ടാചാര്യയെ സി.ബി.ഐ അറസ്റ്റ്ചെയ്തു. ഇദ്ദേഹം 2016ൽ കമീഷൻ ചെയർപേഴ്സണായിരുന്നപ്പോൾ നടന്ന അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഭട്ടാചാര്യയെ ചോദ്യംചെയ്യാൻ കൊൽക്കത്തയിലെ സി.ബി.ഐ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ, ചോദ്യംചെയ്യലിൽ സഹകരിക്കാത്തതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൽക്കത്ത ഹൈകോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. കമീഷന്റെ ഉപദേശകൻ എസ്.പി. സിൻഹയും മറ്റുള്ളവരും ചേർന്ന് അനർഹരായ ഉദ്യോഗാർഥികളെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തി ഒമ്പത്. 10 ക്ലാസുകളിലെ അധ്യാപകരായി നിയമിച്ചുവെന്നാണ് കേസ്. എസ്.പി. സിൻഹയെ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു.
കേന്ദ്ര ഏജൻസികളുടെ അതിക്രമത്തിനെതിരെ നിയമസഭയിൽ പ്രമേയം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്ര ഏജൻസികൾ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവാദിയാണെന്ന് താൻ കരുതുന്നില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചില ബി.ജെ.പി നേതാക്കൾ സ്വന്തം താൽപര്യത്തിനായി ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും നിയമസഭയിൽ മമത അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ അജണ്ടയും സ്വന്തം പാർട്ടിയുടെ താൽപര്യങ്ങളും കൂട്ടിക്കുഴക്കാതിരിക്കാൻ പ്രധാനമന്ത്രി ശ്രമിക്കണം. -മമത കൂട്ടിച്ചേർത്തു. പ്രമേയം ബി.ജെ.പി എതിർത്തെങ്കിലും പാസായി (189-69).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.