12ാം ക്ലാസ് മൂല്യനിർണയം ഉടൻ പൂർത്തിയാക്കണമെന്ന് സ്കൂളുകളോട് സി.ബി.എസ്.ഇ; വൈകിയാൽ നടപടി
text_fieldsന്യൂഡൽഹി: 12ാം ക്ലാസിലേക്കുള്ള മൂല്യനിർണയം ഉടൻ പൂർത്തിയാക്കണമെന്നും വൈകിക്കുന്ന സ്കൂളുകൾെക്കതിരേ നടപടി എടുക്കുമെന്നും സി.ബി.എസ്.ഇ. ജൂലൈ 31 നകം 12 ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് ബോർഡ് ഉദ്ദേശിക്കുന്നത്. വിദ്യാർഥികളുടെ പരിശോധനാ ഫലം സമർപ്പിക്കുന്നതിന് സ്കൂളുകൾക്കായി ഒരു പോർട്ടലും സി.ബി.എസ്.ഇ സജ്ജമാക്കിയിട്ടുണ്ട്. ജൂലൈ 16 മുതൽ 22 വരെ പോർട്ടൽ തുറന്നിരിക്കും. cbse.gov.in ൽ പോർട്ടൽ ലിങ്ക് ലഭ്യമാണ്. ജൂലൈ 22ന് ശേഷവും അന്തിമ മാർക് സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്ന സ്കൂളുകൾ നടപടിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
ഏതെങ്കിലും സ്കൂളുകൾ മൂല്യനിർണയം വൈകിപ്പിച്ചാൽ അവരുടെ ഫലം ജൂലൈ 31ന് ശേഷം പ്രത്യേകം പ്രഖ്യാപിക്കാനാണ് സി.ബി.എസ്.ഇയുടെ തീരുമാനം. മൂല്യനിർണയം മത്സരക്ഷമവും നീതിയുക്തവും ആയിരിക്കണമെന്നും ബോർഡ് നിർദേശിച്ചിട്ടുണ്ട്. '95നും അതിനുമുകളിലുള്ള ശ്രേണിയിലും'മാർക് നൽകുന്നതിൽ ജാഗ്രത പുലർത്തണം. മൊത്തത്തിൽ 95 ശതമാനത്തിൽ കൂടുതൽ സ്കോർ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ സമാന ഫലങ്ങൾ നേടുന്നതിനേക്കാൾ കൂടുതലാകരുത് എന്നും ബോർഡ് നിർദേശിക്കുന്നു.
മാർഗരേഖയിൽ ആശങ്ക
സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷകളുെട മൂല്യനിർണയത്തിനായി തയാറാക്കിയ മാർഗരേഖയിൽ വിദ്യാർഥികൾക്കും രക്ഷാകർത്താക്കളും നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിദ്യാർഥികൾ ഉന്നത പഠനത്തിലേക്ക് മാറുന്ന ഘട്ടത്തിൽ പരിഗണിക്കുന്ന 12ാം ക്ലാസ് മാർക്കിനായി തയാറാക്കിയ മാർഗരേഖ സർട്ടിഫിക്കറ്റിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ഇവർ പങ്കുവെക്കുന്നത്. സംസ്ഥാനത്ത് 35,000ത്തോളം വിദ്യാർഥികളാണ് സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷക്ക് ഹാജരാകേണ്ടിയിരുന്നത്.
10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷക്ക് 30 ശതമാനം വീതവും 12ാം ക്ലാസിലെ യൂനിറ്റ്, ടേം, പ്രീ ബോർഡ് പരീക്ഷകൾക്ക് 40 ശതമാനം വെയ്റ്റേജും നൽകി 12ാം ക്ലാസിെൻറ ഫൈനൽ മാർക്ക് നിശ്ചയിക്കാനാണ് സി.ബി.എസ്.ഇ മുന്നോട്ടുവെച്ച മാർഗരേഖ.
12ാം ക്ലാസ് പരീക്ഷയുടെ മാർക്ക് നിശ്ചയിക്കാൻ പത്ത്, 11 ക്ലാസുകളിലെ മാർക്കിന് ആകെ 60 ശതമാനം വെയ്റ്റേജ് നൽകുന്നതാണ് വിമർശിക്കപ്പെടുന്ന മാർഗരേഖ ഘടകങ്ങളിലൊന്ന്. ഒരുഘട്ടത്തിലും പരിഗണിക്കാത്തതിനാൽ 11ാം ക്ലാസ് പരീക്ഷയെ വിദ്യാർഥികൾ ഗൗരവത്തോടെയല്ല സമീപിക്കുന്നത്.
പത്തിലും 11ലും ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിയാതിരിക്കുകയും 12ാം ക്ലാസിൽ മെച്ചപ്പെട്ട പ്രകടനം നടത്തുന്നവർക്കും മാർഗരേഖ തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിയറി പാർട്ടിൽ ആകെയുള്ള 80 മാർക്കിൽ 48 മാർക്കും പത്ത്, 11 ക്ലാസുകളിലെ പ്രകടനത്തെ വിലയിരുത്തിയായിരിക്കും നൽകുക. 32 മാർക്കിനായിരിക്കും 12ാം തരത്തിലെ പ്രകടനം വിലയിരുത്തുക. അതേസമയം, പത്താം ക്ലാസിനുശേഷം സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് പോലുള്ള വിഷയ കോംബിേനഷനുകൾ തെരഞ്ഞെടുത്ത് പഠിച്ച വിദ്യാർഥികളുടെ 12ാം ക്ലാസ് പരീക്ഷ മാർക്കിന് പത്താം ക്ലാസ് മാർക്ക് പരിഗണിക്കുന്നതും ചില വിദ്യാർഥികൾ ചോദ്യം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.