തമിഴ്നാട്ടിൽ കനത്ത മഴ; സ്കൂളുകൾക്ക് അവധി, വിമാനങ്ങൾ വഴിതിരിച്ചു വിട്ടു
text_fieldsചെന്നൈ: തലസ്ഥാനമായ ചെന്നൈയിൽ അടക്കം തമിഴ്നാട്ടിൽ കനത്ത മഴ. രാമനാഥപുരം, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മലിയാടുതുറൈ, കൂഡല്ലൂർ, വില്ലുപുരം, ചെങ്കൽപേട്ട്, ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂർ, കള്ളകുറിച്ചി, അരിയലൂർ, പെരംബലൂർ, ശിവഗംഗ, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ കനത്ത മഴ പ്രതികൂലമായി ബാധിച്ചു.
ആറ് ജില്ലകളിലെ സ്കൂളുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂട്ടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചിപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ, റാണിപേട്ട് എന്നീ ജില്ലകളിലാണ് അവധി നൽകിയിട്ടുള്ളത്.
മഴയെ തുടർന്ന് ചെന്നൈയിൽ ഇറങ്ങേണ്ട 10 വിമാനങ്ങൾ ബംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. ഞായറാഴ്ച രാത്രി തുടങ്ങിയ മഴ ഇന്ന് പുലർച്ചെ വരെ തുടരുകയാണ്. തേനി ജില്ലയിൽ ഭിത്തി തകർന്നു വീണ് ഒരു സ്ത്രീ മരിച്ചു.
പ്രധാന പാതയായ ഒ.എം.ആറിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. ആർ.കെ റോഡിൽ മരം കടപുഴകിവീണു. അഗ്നിശമനസേന എത്തി മരം നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 140 മില്ലീ മീറ്റർ മഴയാണ് ചെന്നൈയിൽ ലഭിച്ചത്. സാധാരണ ജൂൺ മാസത്തിൽ 55 മില്ലീ മീറ്റർ മഴയാണ് ലഭിക്കാറുള്ളത്. 1996ന് ശേഷം ജൂൺ മാസത്തിൽ ഇത്രയും മഴ ലഭിക്കുന്നത് ആദ്യമായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.