എല്ലാ കോവിഡ് വകഭേദങ്ങളെയും പ്രതിരോധിക്കുന്ന 'സൂപ്പർ വാക്സിൻ'; ഗവേഷണം പുരോഗമിക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്‍റെ ഡൽറ്റ പ്ലസ് വകഭേദം ബാധിച്ച 40 കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ, എല്ലാ കോവിഡ് വകഭേദങ്ങളെയും പ്രതിരോധിക്കുന്ന 'സൂപ്പർ വാക്സിൻ' വികസിപ്പിച്ചെടുക്കുന്നതിനുള്ള തയാറെടുപ്പിലാണ് ശാസ്ത്രജ്ഞരെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ മാത്രമല്ല, ഭാവിയിൽ ഉണ്ടായേക്കാവുന്ന കോവിഡ് വകഭേദങ്ങളെയും പ്രതിരോധിക്കാൻ കഴിയുന്ന വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങളാണ് വിവിധയിടങ്ങളിൽ പുരോഗമിക്കുന്നത്.
യു.എസിലെ യൂനിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിനയിലെ ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച ഗവേഷണത്തിന്‍റെ മുൻപന്തിയിലുള്ളത്. ഇത്തരം വാക്സിൻ ഇവർ എലികളിൽ പരീക്ഷിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ട്. രണ്ടാം തലമുറ വാക്സിൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വാക്സിന്റെ പരീക്ഷണം വിജയിച്ചുകഴിഞ്ഞാൽ, എല്ലാ കോവിഡ് വകഭേദങ്ങളെയും പ്രതിരോധിക്കുമെന്നാണ് യൂനിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിനയിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.
സാർസ് ഇനത്തിൽപ്പെട്ട വൈറസുകൾ ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന മഹാമാരികളെയും ഇതിന് പ്രതിരോധിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഒരേ ഇനം വൈറസിന്‍റെ രണ്ട് വകഭേദങ്ങളായ സാർസും കോവിഡ് 19ഉം ആണ് രണ്ട് ദശകങ്ങളായി ലോകത്തിന് ഭീഷണിയായി നിലനിൽക്കുന്നത്. സാർസും കോവിഡ് 19ഉം ബാധിച്ച എലികളിലാണ് പുതിയ രണ്ടാം തലമുറ വാക്സിന്റെ പരീക്ഷണങ്ങൾ നടക്കുന്നത്. ഇതിലൂടെ എലികളിൽ ആന്‍റി ബോഡിയുണ്ടാക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടമായിരിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എലികളിലെ പരീക്ഷണം വിജയിച്ചാൽ അടുത്ത വർഷം ഇത് മനുഷ്യരിൽ പരീക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
മഹാരാഷ്ട്രയിൽ 21ഉം മധ്യപ്രദേശിൽ ആറും കേരളം, തമിഴ്നാട്എന്നിവിടങ്ങളിൽ മൂന്ന് വീതവും കർണാടകയിൽ രണ്ടും പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ ഒന്ന് വീതവും ഡൽറ്റ പ്ലസ് കോവിഡ് വകഭേദമാണ് ഇന്ത്യയിൽ കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ 'സൂപ്പർ വാക്സിൻ' സംബന്ധിച്ച ഗവേഷണങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയും നോക്കിക്കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.