ട്വിറ്ററിൽ ഏറ്റുമുട്ടി ജയ്റാം രമേശും സിന്ധ്യയും
text_fieldsന്യൂഡൽഹി: ഗ്വാളിയോറിലെ സിന്ധ്യ രാജകുടുംബ ചരിത്രത്തെ ചൊല്ലി കോൺഗ്രസ് നേതാവും എം.പിയുമായ ജയ്റാം രമേശും കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും തമ്മിൽ ട്വിറ്ററിൽ വാക് പോര്.
സിന്ധ്യ കുടുംബത്തെ വിമർശിച്ച് ജയ്റാം രമേശ് ട്വിറ്ററിൽ കവിത പങ്കുവെച്ചതാണ് രൂക്ഷമായ വാക്പോരിൽ കലാശിച്ചത്. ഒരു വാർത്ത റിപ്പോർട്ട് ചൂണ്ടിക്കാട്ടി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ജയ്റാം രമേശ് സിന്ധ്യ കുടുംബത്തെ പരാമർശിക്കുന്ന, പ്രമുഖ കവയിത്രി സുഭദ്ര കുമാരി ചൗഹാന്റെ കവിത ട്വിറ്ററിൽ പങ്കുവെച്ചത്.
സുഭദ്രകുമാരിയുടെ അനശ്വര കവിതയായ ‘ഝാൻസിയിലെ റാണി’ സിന്ധ്യ മറന്നു പോയോ എന്നായിരുന്നു ജയ്റാം രമേശിന്റെ ചോദ്യം. കവിതയിൽ സിന്ധ്യ കുടുംബത്തെ ബ്രിട്ടീഷുകാരുടെ സുഹൃത്ത് എന്ന നിലയിൽ പരാമർശിക്കുന്നതായും ട്വീറ്റിൽ ജയ്റാം രമേശ് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ജവഹർ ലാൽ നെഹ്റുവിന്റെ ‘ഗ്ലിംസസ് ഓഫ് വേൾഡ് ഹിസ്റ്ററി’ എന്ന ഗ്രന്ഥത്തിലെ വരികൾ ഉദ്ധരിച്ചു കൊണ്ട് രമേശ് കവിതകളേക്കാൾ ചരിത്രം പഠിക്കണമെന്ന് സിന്ധ്യ ഇതിന് തിരിച്ചടിച്ചു.
നെഹ്റുവിന്റെ പുസ്തകത്തിൽ മറാത്തികൾ ഡൽഹി ചക്രവർത്തിയുടെ പരമ്പരയിൽപെട്ടവരാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ബ്രിട്ടീഷുകാരുടെ അപ്രമാദിത്വത്തെ മറാത്തികൾ വെല്ലുവിളിച്ചിരുന്ന കാര്യം ഓർമപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹദ്ജി സിന്ധ്യയുടെ മരണത്തിനു ശേഷമാണ് മറാത്ത കുടുംബം ശിഥിലമാകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു രാജ്യദ്രോഹി ഒഴികെ കോൺഗ്രസിൽ എന്ത് പ്രത്യയശാസ്ത്രമാണ് ബാക്കിയുള്ളതെന്നായിരുന്നു കഴിഞ്ഞ ബുധനാഴ്ച മുൻ കോൺഗ്രസുകാരൻ കൂടിയായ സിന്ധ്യ രാഹുലിനെ കുറിച്ച് നടത്തിയ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.