പ്രാദേശിക സുരക്ഷ വെല്ലുവിളി; സഹകരണം വർധിപ്പിക്കാൻ എസ്.സി.ഒ ധാരണ
text_fieldsന്യൂഡൽഹി: പ്രാദേശിക സുരക്ഷ വെല്ലുവിളികൾ നേരിടുന്നതിൽ സഹകരണം വർധിപ്പിക്കാൻ ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) രാജ്യങ്ങളുടെ യോഗത്തിൽ ധാരണ. ഇന്ത്യയാണ് യോഗത്തിന് ആതിഥ്യം വഹിച്ചത്. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ, പ്രത്യേകിച്ച് താലിബാൻ ഭരിക്കുന്ന രാജ്യത്ത് സജീവമായ തീവ്രവാദ ഗ്രൂപ്പുകളിൽനിന്നുള്ള ഭീഷണി എന്നിവയിലൂന്നിയായിരുന്നു ചർച്ച. മൂന്നംഗ പാക് സംഘം യോഗത്തിനെത്തി. റഷ്യ, ചൈന, ഇന്ത്യ, പാകിസ്താൻ, കിർഗിസ് റിപ്പബ്ലിക്, കസാഖ്സ്താൻ, താജികിസ്താൻ, ഉസ്ബകിസ്താൻ എന്നിവയാണ് എസ്.സി.ഒ അംഗരാജ്യങ്ങൾ. സംഘടനയിൽ നിരീക്ഷക പദവിയാണ് അഫ്ഗാനിസ്താന്.
ഒമ്പതുമാസമായി അഫ്ഗാനിസ്താനിലെ സുരക്ഷയും ജീവിത സാഹചര്യവും കൂടുതൽ വഷളായതായി അഫ്ഗാൻ പ്രതിനിധി ഫരീദ് മുന്ദ്സെ ട്വീറ്റ് ചെയ്തു. പ്രാദേശിക സുരക്ഷ സഹകരണം, പ്രത്യേകിച്ച് അയൽരാജ്യങ്ങളിൽ നിന്നുള്ള സഹകരണം അഫ്ഗാനിസ്താനിലും മേഖലയിലും സമാധാനത്തിനും വികസനത്തിനും പ്രധാന വഴിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗം സംഘടിപ്പിച്ചതിന് അദ്ദേഹം ഇന്ത്യയെ നന്ദി അറിയിച്ചു.
കൗൺസിൽ ഓഫ് റീജനൽ ആന്റി ടെററിസ്റ്റ് സ്ട്രക്ചർ ഓഫ് എസ്.സി.ഒ (റാറ്റ്‌സ് -എസ്.സി.ഒ) ചെയർമാൻ പദവി ഒക്ടോബർ 28 മുതൽ ഒരുവർഷം ഇന്ത്യക്കാണ്. അംഗരാജ്യങ്ങൾ പങ്കെടുത്ത സമാധാന സമ്മേളനം ഡിസംബറിൽ ഇന്ത്യയിൽ നടന്നിരുന്നു. കാബൂളിലെ താലിബാൻ ഭരണകൂടത്തെ ഇതുവരെ അംഗീകരിക്കാത്ത ഇന്ത്യ, അവിടെ എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപവത്കരിക്കണമെന്ന നിലപാട് യോഗത്തിൽ അറിയിച്ചു. അഫ്ഗാൻ മണ്ണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ഇടയാകരുതെന്നും പ്രഖ്യാപിച്ചു. നവംബറിൽ അഫ്ഗാനിസ്താനിൽ നടന്ന റഷ്യ, ഇറാൻ, കസാഖ്സ്താൻ, കിർഗിസ്താൻ, തജികിസ്താൻ, തുർക്മെനിസ്താൻ, ഉസ്ബെക്സ്താൻ എന്നീ രാജ്യങ്ങളുടെ ദേശീയ സുരക്ഷ ഉപദേഷ്ടാക്കൾ പങ്കെടുത്ത യോഗത്തിലും അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.