നാവികസേനയുടെ കരുത്തുകൂട്ടി 'ഐ.എൻ.എസ് കരഞ്ച്'
text_fieldsമുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച നാവികസേനയുടെ സ്കോർപിയൻ ക്ലാസ് അന്തർവാഹിനി 'ഐ.എൻ.എസ് കരഞ്ച്' കമീഷൻ ചെയ്തു. മുംബൈ മാസഗോൺ കപ്പൽ നിർമാണശാലയിൽ നടന്ന ചടങ്ങിൽ നാവികസേന മേധാവി അഡ്മിറൽ കരംബീർ സിങ്, മുൻ നാവികസേന മേധാവി വി.എസ് ഷെഖാവത്ത് അടക്കമുള്ളവർ പങ്കെടുത്തു.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി തദ്ദേശവൽക്കരണത്തിനും പ്രതിരോധ സ്വാശ്രയത്വത്തിനും നാവികസേന നിലകൊള്ളുകയാണെന്ന് മേധാവി അഡ്മിറൽ കരംബീർ സിങ് വ്യക്തമാക്കി. നിലവിൽ 42 കപ്പലുകളും അന്തർവാഹിനികളും ഉണ്ടെന്നും 40 എണ്ണം രാജ്യത്തെ കപ്പൽശാലകളിൽ നിർമാണത്തിലാണെന്നും കരംബീർ സിങ് ചൂണ്ടിക്കാട്ടി.
ഫ്രഞ്ച് കമ്പനി ഡി.സി.എൻ.എസുമായി 2005ൽ ഒപ്പിട്ട കരാർ പ്രകാരം നിർമിക്കുന്ന ആറ് കാൽവരി ക്ലാസ് അന്തർവാഹിനികളിൽ മൂന്നാമത്തേത് ആണ് 'ഐ.എൻ.എസ് കരഞ്ച്'. അന്തർവാഹിനിയുടെ കടലിലെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
സമുദ്രോപരിതലത്തിലും അന്തർ ഭാഗത്തും ഒരു പോലെ ആക്രമണം നടത്താമെന്നതാണ് സ്കോർപിയൻ ക്ലാസ് അന്തർവാഹിനിയുടെ സവിശേഷത. കൂടാതെ, മറ്റ് അന്തർവാഹിനികളെ തകർക്കാനും മൈനുകൾ ഉപയോഗിച്ച് ആക്രമണം നടത്താനും സാധിക്കും. 220 അടി നീളവും 40 അടി ഉയരവുമുള്ള അന്തർവാഹിനിക്ക് സമുദ്രോപരിതലത്തിൽ 11 നോട്ടിക്കൽ മൈൽ വേഗതയിലും കടലിനടിയിൽ 20 നോട്ടിക്കൽ മൈൽ വേഗതയിലും സഞ്ചരിക്കാൻ സാധിക്കും.
2017 ഡിസംബറിൽ ഐ.എൻ.എസ് കാൽവരിയും 2019 സെപ്റ്റംബറിൽ ഐ.എൻ.എസ് ഖണ്ഡേരിയും കമീഷൻ ചെയ്തിരുന്നു. നാല്, അഞ്ച് അന്തർവാഹിനികളായ ഐ.എൻ.എസ് വേല, ഐ.എൻ.എസ് വാഗ്മീർ എന്നിവ കടലിലെ പരീക്ഷണത്തിലും ആറാമത്തേതായ ഐ.എൻ.എസ് വഗ്ഷീർ നിർമാണഘട്ടത്തിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.