സ്വന്തമായി വിമാനമില്ല, പിന്നെ എന്തിനാണ് വ്യോമയാന മന്ത്രിയെന്ന് മഹുവ മൊയ്ത്ര
text_fieldsസ്വന്തമായി വിമാന സർവീസില്ലാത്ത രാജ്യത്തിന് പിന്നെ വ്യോമയാന മന്ത്രി എന്തിനാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. സ്വന്തമായി ദേശീയ എയര്‍ലൈന്‍ സര്‍വീസില്ലാത്ത ഇന്ത്യയില്‍ വ്യോമയാന മന്ത്രാലയത്തിന്‍റെ ആവശ്യകതയെ ചോദ്യം ചെയ്ത് പാർലമെന്റിൽ സംസാരിക്കുകയായിരുന്നു മഹുവ മൊയ്ത്ര. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഒഴിവാക്കി റോഡ്, തുറമുഖ മന്ത്രാലയങ്ങളുമായി ലയിപ്പിക്കുകയോ, സമഗ്രമായ ഒരു ഗതാഗത മന്ത്രാലയം ആരംഭിക്കുകയോ വേണമെന്നാണ് മഹുവ ആവശ്യപ്പെടുന്നത്. വ്യോമയാന മന്ത്രാലയത്തിന്‍റെ ഗ്രാന്‍റുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ നടന്ന ചര്‍ച്ചയിലാണ് പരാമര്‍ശം.
എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തോടെ ഇനി വ്യോമയാന മന്ത്രാലയത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി. കെടുകാര്യസ്ഥത കാരണം, സര്‍ക്കാര്‍ ഖജനാവിന് കോടികള്‍ നഷ്ടമുണ്ടാക്കിയ എയര്‍ ഇന്ത്യയുടെ വില്‍പ്പന ഒരു നാഴികക്കല്ലായാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചു. രാജ്യത്ത് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതിന് പകരം, നിലവിലുള്ള വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മഹുവ വെറുതെ വിട്ടില്ല. മോദി ഗ്ലാഡിയേറ്ററിനെ പോലെയാണ് സഭയിലേക്ക് കടന്നുവരുന്നതെന്ന് അവർ പരിഹസിച്ചു. പ്രധാനമന്ത്രി കടന്നുവരുമ്പോൾ സഭയിലെ ഡെസ്കിലടിച്ച് ബി.ജെ.പി എം.പിമാർ മോദി, മോദി എന്ന് ആർത്തുവിളിക്കുന്നതിനെ സംബന്ധിച്ചായിരുന്നു മഹുവയുടെ പരാമർശം. മഹുവയുടെ പരിഹാസം ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.