ആക്രി വാഹന കരട് നയം ഉടൻ; പുതിയ കാറിന് അഞ്ചു ശതമാനം റിബേറ്റ്, നികുതി ഇളവ്
text_fieldsന്യൂഡൽഹി: പഴയ കാർ ഒഴിവാക്കി പുതിയത് വാങ്ങുന്നവർക്ക് അഞ്ചു ശതമാനം റിബേറ്റ് അനുവദിക്കാൻ സർക്കാറിെൻറ ആക്രി വാഹന നയത്തിൽ വ്യവസ്ഥ ചെയ്യുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെൻറിനെ അറിയിച്ചു.
മലിനീകരണം കുറക്കാനും ഇന്ധന ശേഷി കൂട്ടാനും പുതിയ വാഹനങ്ങൾ ഉപകാരപ്പെടുമെന്നത് കണക്കിലെടുത്താണിത്. കരട് നയം ഏതാനും ആഴ്ചകൾക്കകം പുറത്തിറക്കും. രജിസ്റ്റർ ചെയ്ത ആക്രി കേന്ദ്രങ്ങൾ വഴിയാണ് പഴഞ്ചൻ വണ്ടികൾ ഒഴിവാക്കേണ്ടത്. അവരാണ് സർട്ടിഫിക്കറ്റ് നൽകുക.
അത് ലഭിക്കുന്ന മുറക്ക് അഞ്ചു ശതമാനം റിബേറ്റ് പുതിയ വാഹന ഉടമക്ക് നൽകാൻ നിർമാതാക്കളോട് നിർദേശിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. പഴയ വാഹനത്തിന് നിശ്ചയിക്കുന്ന ആക്രി വില, പുതിയ വാഹനത്തിെൻറ ഷോറൂം വിലയുടെ ഏകദേശം നാല് മുതൽ ആറ് ശതമാനം വരെ ആയിരിക്കും.
2021 ഒക്ടോബർ ഒന്നുമുതൽ ഫിറ്റ്നസ് ചട്ടങ്ങളും പരിശോധനയും പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. വൻകിട ചരക്കുവാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന 2023 ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും. മറ്റു വാണിജ്യ വാഹനങ്ങളുടെ കാര്യത്തിൽ ഇത് 2024 ജൂൺ ഒന്നുമുതൽ ഘട്ടംഘട്ടമായി നടപ്പാക്കും.
പഴയ വാഹനങ്ങൾ ആക്രിയായി ഒഴിവാക്കാനുള്ള പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷത്തിനുശേഷം ഫിറ്റ്നസ് ടെസ്റ്റ് നടത്തേണ്ടിവരും. വാണിജ്യ വാഹനങ്ങളുടെ കാര്യത്തിൽ ഇത് 15 വർഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.