ഇലക്ടറൽ ബോണ്ട്: സ്വന്തം അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ട് -കപിൽ സിബൽ
text_fieldsന്യൂഡൽഹി: ബി.ജെ.പി കോടികൾ വാരിയ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ കൂടുതൽ സമയം ചോദിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാട് ബാലിശമാണെന്ന് രാജ്യസഭ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. സ്വന്തം അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ട്. ഭരണഘടനാ ബെഞ്ച് വിധിപറഞ്ഞിരിക്കെ ബാങ്കിന്‍റെ ആവശ്യം അംഗീകരിക്കുക എളുപ്പമല്ലെന്നും കപിൽ സിബൽ പറഞ്ഞു.
ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ ക്രോഡീകരിച്ച് പുറത്തുവിടാൻ ആഴ്ചകളെടുക്കുമെന്നുള്ള എസ്.ബി.ഐയുടെ വാദം ആരോ ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നതിന്‍റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് എസ്.ബി.ഐ നടത്തുന്നത്. അല്ലാത്തപക്ഷം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തുവിടാൻ ജൂൺ 30 വരെ സമയം ചോദിച്ച് ഹരജി നൽകില്ലായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാൻ പോകുകയാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തുവിടാൻ ജൂൺ 30 വരെ സമയം ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഇതിനൊപ്പം, കോടതി ഉത്തരവ് അനുസരിക്കാതിരിക്കാനുള്ള മന:പൂർവമുള്ള നടപടികളാണ് ബാങ്കിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയും ഇതേ ബെഞ്ച് പരിഗണിക്കും.
ഫെബ്രുവരി 15നാണ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരുടെ മുഴുവൻ വിവരങ്ങളും മാർച്ച് ആറിനകം തെരഞ്ഞെടുപ്പ് കമീഷന് കൈമാറാൻ എസ്.ബി.ഐയോട് നിർദേശിച്ചിരുന്നു. മാർച്ച് 13 ഓടെ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിടണമെന്നാണ് ഉത്തരവ്. എന്നാൽ, അതിനാവില്ലെന്നും ജൂൺ 30 വരെ സമയം വേണമെന്നും ആവശ്യപ്പെട്ട് എസ്.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.