പ്രാർഥനയോടെ കേരളം; അർജുനെ രക്ഷിക്കാൻ തിരച്ചിൽ പുനഃരാരംഭിച്ചു, സൈന്യം ഉടനെത്തും
text_fieldsബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ തിരച്ചിൽ പുനഃരാരംഭിച്ചു. കനത്ത മഴയെ തുടർന്നാണ് ശനിയാഴ്ച രാത്രി എട്ടരയോടെ തിരച്ചിൽ നിർത്തിവെച്ചത്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ ദുരന്തമുഖത്ത് എത്തിച്ചിട്ടുണ്ട്. 11 മണിയോടെ തിരച്ചിലിനായി സൈന്യവും എത്തും. ബെലഗാവിയിൽ നിന്നുള്ള 60 അംഗ സംഘമാണ് തിരച്ചിലിൽ പങ്കാളികളാവുക. ഉച്ചക്ക് രണ്ടുമണിയോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകട സ്ഥലത്തെത്തും. തിരച്ചിലിന് ഐ.എസ്.ആർ.ഒയുടെ സഹായവും തേടിയിട്ടുണ്ട്. അപകടസ്ഥലത്തെ ഉപഗ്രഹ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ ലഭ്യമാക്കും. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം നടത്തിയ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ഒരു സിഗ്നല്‍ ലഭിച്ചിരുന്നു. റഡാറിൽ ലോറിയുണ്ടെന്ന് തെളിഞ്ഞ സ്ഥലത്താണ് പരിശോധന നടത്തുക. ഏകദേശം ഹൈവേയുടെ മധ്യഭാഗത്തായി അടിഞ്ഞുകൂടിയ മൺകൂനയിലാണ് യന്ത്രഭാഗത്തിന്റേതെന്ന് കരുതാവുന്ന സിഗ്നൽ ലഭിച്ചത്. ഇത് ലോറിയുടേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കുന്നിടിഞ്ഞ് ആറു മീറ്ററോളം ഉയരത്തിൽ ഹൈവേയിൽ മൺകൂന രൂപപ്പെട്ടിരുന്നു. നീക്കുന്തോറും മണ്ണിടിയുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്.
തിരച്ചിൽ നടക്കുന്നിടത്ത് കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് വിവരം. ആറാംദിവസമാണ് അർജുനെ കണ്ടെത്താനായി തിരച്ചിൽ തുടരുന്നത്.നിലവിലെ രക്ഷാദൗത്യത്തിൽ വിശ്വാസമില്ലെന്നും തിരച്ചിലിനായി സൈന്യത്തെ ഇറക്കണമെന്നും അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ദൗത്യത്തിന് സൈന്യത്തെ അയക്കണമെന്നാവശ്യപ്പെട്ട് അർജുന്റെ കുടുംബം പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
കനത്ത മഴ രക്ഷാദൗത്യത്തിന് തടസ്സമാണ്. കര്‍ണാടക എസ്.ഡി.ആര്‍.എഫിന്റെ സംഘം, കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, അര്‍ജുന്റെ ബന്ധു ജിതിന്‍ തുടങ്ങിയവര്‍ അപകടസ്ഥലത്തേക്ക് തിരച്ചിലിനായി പുറപ്പെട്ടിട്ടുണ്ട്.
കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളക്ക് സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഒരുവശത്ത് ചെങ്കുത്തായ മലനിരകളും മറുവശത്തു ഗംഗാവലി നദിയുമുള്ള സ്ഥലത്താണ് അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.