മലേഷ്യയിൽ നടപ്പാതയിലെ കുഴിയിൽ വീണ ഇന്ത്യക്കാരിക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്തി; ദൗത്യം ദുഷ്‍കരമെന്ന് സർക്കാർ
text_fieldsക്വാലാലംപൂർ: മലേഷ്യയിൽ നടപ്പാതയിലെ കുഴിയിൽ വീണ ഇന്ത്യക്കാരിക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്തി. ദൗത്യം ദുഷ്‍കരമാണെന്നും അപകടസാധ്യതയുണ്ടെന്നും അറിയിച്ചാണ് മലേഷ്യൻ സർക്കാർ തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയത്.
ആന്ധ്രപ്രദേശിൽ നിന്നുള്ള വിജയ ലക്ഷ്മി ഗാലിയാണ് കുഴിയിൽ വീണത്. ആഗസ്റ്റ് 23നായിരുന്നു സംഭവം. തുടർന്ന് കാമറകളും റഡാറുകളുമെല്ലാം ഉപയോഗിച്ച് വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, രക്ഷാദൗത്യം എട്ടാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് ഇനി ഇത് തുടരുക ബുദ്ധിമുട്ടാണെന്ന് മലേഷ്യൻ ഫയർ ആൻഡ് റെസ്ക്യു ഡിപ്പാർട്ട്മെന്റ് അറിയിച്ചത്.
വിജയലക്ഷ്മി വീണ കുഴിയുടെ ഉള്ളിലേക്ക് ഡൈവർമാരെ അയക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മലേഷ്യൻ മന്ത്രി ഡോ.സാലിഹ മുസ്തഫ പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തുന്നവരുടെ ജീവൻ പോലും അപകടത്തിലാവുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഴുക്കുചാലിൽ വാട്ടർജെറ്റ് ഉൾപ്പടെ ഉൽയോഗിച്ച് പരിശോധന നടത്തിയെങ്കിലും വിജയലക്ഷ്മിയെ കണ്ടെത്താനായില്ല. വ്യാഴാഴ്ച രണ്ട് ഡൈവർമാർ വിജയക്ഷ്മി വീണ കുഴിയിൽ ഇറങ്ങിയെങ്കിലും മുന്നോട്ട് പോകാൻ സാധിക്കാത്തതിനെ തുടർന്ന് തിരികെ കയറിയിരുന്നു.
ആന്ധ്രാപ്രദേശിലെ കുപ്പത്ത് അനിമിഗനിപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്മി ഭർത്താവിനും മകനുമൊപ്പം മലേഷ്യയിലായിരുന്നു. ജലാൻ മസ്ജിദിലെ മലയൻ മാൻഷനു സമീപം കുടുംബം നടന്നു പോകുമ്പോൾ പൊടുന്നനെയുണ്ടായ കുഴിയിലേക്ക് വിജയലക്ഷ്മി വീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.