ജമ്മു കശ്മീരിൽ തീർഥാടകരുടെ ബസിന് നേരെ ആക്രമണം നടത്തിയത് മൂന്ന് തീവ്രവാദികൾ: തിരച്ചിൽ ശക്തമാക്കി സൈന്യം
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ രിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയുള്ള ആക്രമണത്തിന് പിന്നിൽ മൂന്ന് തീവ്രവാദികളെന്ന് റിപ്പോർട്ട്. രജൗരിയിലും പൂഞ്ചിലും കഴിഞ്ഞ മാസം ആക്രമണം നടത്തിയ തീവ്രവാദി സംഘത്തിൽപ്പെട്ടവരാണ് രിയാസിയിലെ ആക്രമണത്തിന് പിന്നിലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്തത്.
അതേസമയം, തീർഥാടകരുടെ ബസിന് നേരെ ആക്രമണം നടത്തിയ തീവ്രവാദികൾക്കായി സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി. രിയാസി ജില്ലയിലാണ് സുരക്ഷാസേനയുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ തുടരുന്നത്. തിരച്ചിലിനായി സൈനിക ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്.
തീവ്രവാദി ആക്രമണത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടതായി വിവരമുണ്ട്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തുകയാണ്. അതിനിടെ, തീവ്രവാദി ആക്രമണം നടന്ന പ്രദേശത്തിന് സമീപത്തെ വനമേഖലയിൽ ഡ്രോൺ ഉപയോഗിച്ച് സംസ്ഥാന ദുരന്തപ്രതിരോധ സേനയും നിരീക്ഷണം നടത്തുന്നുണ്ട്.
ഞായറാഴ്ച വൈകീട്ടാണ് ജമ്മു- കശ്മീരിലെ രിയാസി ജില്ലയിലെ തെരിയാത്ത് ഗ്രാമത്തിനു സമീപം തീർഥാടകരുമായി പോയ ബസിന് നേരെ തീവ്രവാദി ആക്രമണം നടന്നത്. ആക്രമണത്തിന് തുടർന്ന് കൊക്കയിലേക്ക് മറിഞ്ഞ ബസിലെ ഒമ്പതു പേർ മരിച്ചു. 33 പേർക്ക് പരിക്കേറ്റു.
ശിവ്ഖോഡി ക്ഷേത്രത്തിലേക്കുള്ള തീർഥാടകർ സഞ്ചരിച്ച ബസിനു നേരെ ഭീകരർ ഒളിഞ്ഞിരുന്ന് വെടിവെപ്പ് നടത്തുകയായിരുന്നു. വെടിവെപ്പിൽ ഭയന്ന ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസ് പൂർണമായും തകർന്നു.
ഒമ്പതു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.