തീരദേശ നിയമ ലംഘനം: സീകരിച്ച നടപടികൾ അറിയിക്കണമെന്ന് കേരളത്തോട് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികള്‍ നാലാഴ്ചക്കകം അറിയിക്കണമെന്ന് കേരളത്തോട് സുപ്രീംകോടതി. മരട് കേസുമായി ബന്ധപ്പെട്ട് മേജര്‍ രവി നല്കിയ കോടതിയലക്ഷ്യ ഹരജിയിൽ ജസ്റ്റിസ് രോഹിങ്ടന്‍ നരിമാന് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ഉത്തരവ് പൂർണാര്‍ഥത്തില്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് നിര്‍മിച്ച അനധികൃത കെട്ടിടങ്ങളുടെ പട്ടിക കൈമാറാനും അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ സ്വീകരിക്കാന്‍ പോകുന്ന നിലപാട് കോടതിയെ അറിയിക്കാനും 2019 െസപ്റ്റംബറില്‍ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസിന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നൽകിയിരുന്നു.
എന്നാൽ, കോടതി നിർദേശം ടോം ജോസ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മരടിലെ ഫ്ലാറ്റ് ഉടമകളില്‍ ഒരാളായ മേജര്‍ രവി കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുകയായിരുന്നു. ടോം ജോസ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിനെ തുടന്ന് നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ കക്ഷി ചേര്‍ക്കാന്‍ ഹരജിക്കാരന് കോടതി അനുവാദം നൽകി.
ഫ്ലാറ്റ് ഉടമകള്‍ക്ക് പണം നല്‍കുന്നതിനും കമ്പനിയുടെ മറ്റ് ആവശ്യങ്ങള്‍ക്കുമായി ആസ്തി വില്‍ക്കുന്നതിനുള്ള വിലക്ക് നീക്കണമെന്ന ജയിന് ബില്ഡേഴ്സിെൻറ ആവശ്യത്തില്‍ അവരുടെ രണ്ട് ആസ്തികളുടെ മൂല്യനിർണയം നടത്താന്‍, മരടിലെ ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം നിശ്ചയിക്കാന്‍ രൂപവത്കരിച്ച ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ സമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.