മഹാരാഷ്ട്രയിലെ സീറ്റ് വിഭജനം: കൂടുതൽ സീറ്റുകളും ബി.ജെ.പിക്ക്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജന ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ മഹായൂത്തിയിലെ ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവരുമായി ചർച്ച നടത്തിയെങ്കിലും സഖ്യകക്ഷികൾ തൃപ്തരല്ല. ബി.ജെ.പി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലും വിജയ സാധ്യതകൾക്കുമനുസരിച്ചാകും സീറ്റുവിഭജനമെന്നാണ് അമിത് ഷാ നൽകിയ സന്ദേശം.
ഷിൻഡെ പക്ഷത്തിന് എട്ടും, അജിത് പവാർ പക്ഷത്തിന് കുടുംബ തട്ടകമായ ബരാമതി അടക്കം മൂന്നും സീറ്റുകൾ നൽകി ശേഷിച്ച 37 സീറ്റുകളിലും ബി.ജെ.പി മത്സരിക്കാനാണ് നീക്കം. എന്നാൽ, ഇതിൽ അതൃപ്തനായ അജിത് പവാർ ഡൽഹിയിൽ അമിത് ഷായുമായി വീണ്ടും ചർച്ച നടത്തും. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കം സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാക്കൾ അന്തിമ ചർച്ചക്ക് ഡൽഹിയിലാണ്. ബരാമതി സീറ്റിനായും ബി.ജെ.പി അവകാശവാദമുന്നയിച്ചിരുന്നു. ഈ ഘട്ടത്തിൽ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ അജിത് പക്ഷം ബരാമതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതോടെ ബരാമതിയിൽ പവാർ കുടുംബപോര് ഉറപ്പായി. പവാറിന്റെ മകൾ സുപ്രിയ സുലെയാണ് സിറ്റിങ് എം.പി. സുനേത്രയും സുപ്രിയയും തമ്മിലാകും പോര്.
അതേസമയം, മഹാവികാസ് അഘാഡി (എം.വി.എ) ശനിയാഴ്ചയോടെ സീറ്റുവിഭജനം പൂർത്തിയാക്കിയേക്കും. ശരദ് പവാർ, ഉദ്ധവ് താക്കറെ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പടോലെ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിൽ ബുധനാഴ്ച നടന്ന യോഗത്തിൽ വഞ്ചിത് ബഹുജൻ അഘാഡി അധ്യക്ഷൻ പ്രകാശ് അംബേദ്കറും പങ്കെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ സോലാപുർ, അകോല അടക്കം അഞ്ച് സീറ്റുകളാണ് പ്രകാശ് ആവശ്യപ്പെട്ടത്. പ്രകാശിന്റെ ആവശ്യങ്ങൾ വ്യാഴാഴ്ച വീണ്ടും ചർച്ചചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.