പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ, പള്ളി പൊളിക്കണമെന്ന് നാരായണി സേന; മഥുരയിൽ നിരോധനാജ്ഞ
text_fieldsമഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭയുടെ ഭീഷണി. ഡിസംബര്‍ ആറിന് ഷാഹി ഈദ്ഗാഹില്‍ മഹാജലാഭിഷേകത്തിന് ശേഷം കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ നേതാവ് രാജ്യശ്രീ ചൗധരി പറഞ്ഞിരുന്നു. പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് വിശ്രം ഘട്ടില്‍ നിന്ന് ശ്രീകൃഷ്ണ ജന്മസ്ഥാനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് തീവ്ര ഹിന്ദുത്വ സംഘടനയായ നാരായണി സേനയും പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് മഥുര ജില്ലാ ഭരണകൂടം സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലയില്‍ നിരോധന ഉത്തരവ് ഏര്‍പ്പെടുത്തി.
മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപത്തുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശ്രീകൃഷ്ണന്‍റെ 'യഥാര്‍ത്ഥ ജന്മസ്ഥല'മെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം. പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഈ പള്ളി. പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ പ്രാദേശിക കോടതികളെ സമീപിച്ചിരുന്നു. ഈ ഹർജികൾ കോടതി പരിഗണണനയിലിരിക്കെയാണ് പള്ളിയിൽ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന ഭീഷണിയുമായി സംഘടന രംഗത്തുവന്നത്.
അതേസമയം, മഥുരയിലെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് നവനീത് സിങ് ചാഹല്‍ പറഞ്ഞു. കത്ര കേശവ് ദേവ് ക്ഷേത്രം, ഷാഹി ഈദ്ഗാഹ് എന്നീ ആരാധനാലയങ്ങളുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷാകാര്യങ്ങൾ സീനിയർ പൊലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവറുമായി ചേർന്ന് അവലോകനം ചെയ്തതായി നവനീത് സിങ് ചാഹൽ പറഞ്ഞു.
മസ്ജിദിൽ വിഗ്രഹം സ്ഥാപിക്കാൻ മഹാസഭ അനുമതി തേടിയെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ, പ്രസ്തുത ആവശ്യം അംഗീകരിക്കില്ല. സമാധാനം തകർക്കാൻ സാധ്യതയുള്ള ഒരുപരിപാടിക്കും അനുമതി നൽകുന്ന പ്രശ്നമേയില്ലന്നും ചാഹൽ കൂട്ടിച്ചേർത്തു.
പള്ളിപൊളിക്കണമെന്നാവശ്യപ്പെട്ട നാരായണി സേനയുടെ സെക്രട്ടറി അമിത് മിശ്രയെ മഥുര കോട്‌വാലിയിൽ കരുതൽ തടങ്കലിലാക്കിയതായി പൊലീസ് അറിയിച്ചു. നാരായണി സേന ദേശീയ പ്രസിഡന്‍റ് മനീഷ് യാദവിനെ ലക്‌നൗവിൽ പൊലീസ് തടഞ്ഞിരിക്കുകയാണെന്ന് സംഘടന ഭാരവാഹികളും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.