മോദിസർക്കാറിന് സർവത്ര ശകാരം
text_fieldsന്യൂഡൽഹി: നോട്ട് അസാധുവാക്കലിെൻറ രണ്ടാം വാർഷികത്തിൽ മോദിസർക്കാറിന് പ്രതിപക്ഷത്തിെൻറ കടുത്ത ശകാരം. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് രണ്ടാം വാർഷികം ദേശവ്യാപകമായി കരിദിനമായി ആചരിച്ചു.
സമ്പദ്രംഗം തകർത്തു കളഞ്ഞതിന് സി.പി.എം, തൃണമൂൽ കോൺഗ്രസ്, ബി.എസ്.പി, ആം ആദ്മി പാർട്ടി തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികൾ സർക്കാറിനെ വിമർശിച്ചു. നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടത്തിയ രാത്രി എട്ടു മണിക്ക് രാജ്യത്തോട് മാപ്പു പറയാൻ പ്രധാനമന്ത്രി തയാറാകണമെന്ന ആവശ്യവുമായാണ് കോൺഗ്രസ് പ്രതിഷേധരംഗത്ത് ഇറങ്ങിയത്.
പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻസിങ്, മുൻധനമന്ത്രി പി. ചിദംബരം എന്നിവർ വെവ്വേറെ പ്രസ്താവനകൾ നടത്തി. നോട്ട് അസാധുവാക്കലിെൻറ പ്രശ്നങ്ങൾ നേരെയാക്കാൻ 50 ദിവസം തരണമെന്നും അതിനു സാധിച്ചില്ലെങ്കിൽ തന്നെ ജീവനോടെ കത്തിക്കാനും പറയുന്ന പ്രധാനമന്ത്രിയുടെ പഴയ പ്രസ്താവനകൾ രണ്ടാം വാർഷികവേളയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അതേസമയം, നോട്ട് നിരോധനത്തെ ന്യായീകരിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി സർക്കാറിനുവേണ്ടി രംഗത്തു വന്നു.
നോട്ട് അസാധുവാക്കൽ നിഷ്കളങ്കമായി നടപ്പാക്കിയ സാമ്പത്തിക നയമല്ല, കരുതിക്കൂട്ടി ആസൂത്രണംചെയ്ത ക്രിമിനൽ സാമ്പത്തിക കുംഭകോണമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വേണ്ടത്ര ആസൂത്രണം ചെയ്തില്ല, മോശമായ രീതിയിൽ നടപ്പാക്കി എന്ന നിലയിലല്ല നോട്ട് അസാധുവാക്കിയതിനെ കാണേണ്ടത്. ദുരന്തങ്ങളുടെ ചരിത്രത്തിൽ പ്രത്യേക സ്ഥാനമാണ് അതിനുള്ളത്. ആയിരക്കണക്കായ ചെറുകിട സംരംഭങ്ങളെ നശിപ്പിക്കുകയും ലക്ഷങ്ങളുടെ ജീവിതം തകർക്കുകയും ചെയ്ത ആക്രമണമായിരുന്നു അത്. പാവപ്പെട്ടവരിലെ പാവപ്പെട്ടവരാണ് അതിെൻറ കെടുതി ഏറ്റവും കൂടുതൽ അനുഭവിച്ചത്. മണ്ടത്തത്തിെൻറ സ്മാരകമായിരുന്നു അത് -രാഹുൽ പ്രസ്താവനയിൽ പറഞ്ഞു.
കാലം മുറിവുണക്കുമെന്നാണ് പറയാറുള്ളതെങ്കിലും, നോട്ട് അസാധുവാക്കലിെൻറ പരിക്കുകൾ കൂടുതൽ തെളിഞ്ഞുവരുകയാണെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് ചൂണ്ടിക്കാട്ടി. സാമ്പത്തിക നയങ്ങളിൽ സർക്കാർ വ്യക്തത പുനഃസ്ഥാപിക്കണം. സാമ്പത്തിക അതിസാഹസങ്ങൾ രാജ്യത്തെ ദീർഘകാലാടിസ്ഥാനത്തിൽ എങ്ങനെ ബാധിക്കുമെന്ന് കാണിച്ചുതരുകയാണ് നോട്ട് അസാധുവാക്കൽ. സാമ്പത്തിക നയരൂപവത്കരണം അതിശ്രദ്ധയോടെ ചെയ്യേണ്ടതാണെന്ന് മൻമോഹൻസിങ് ഒാർമിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റക്ക് സമ്പദ്വ്യവസ്ഥയും ജീവനോപാധിയും തകർത്തു കളയുന്നതാണ് നോട്ട് അസാധുവാക്കലിൽ കണ്ടതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നോട്ട് അസാധുവാക്കൽ സ്വയം കുത്തി മുറിവേൽപ്പിക്കുന്നതിനു തുല്യമായിരുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. മോദിസർക്കാറിെൻറ സാമ്പത്തിക ക്രമക്കേടുകൾ പലതാണെങ്കിലും ഇന്ത്യൻ സമ്പദ്രംഗത്ത് ആഴത്തിൽ കത്തിവെക്കുകയാണ് നോട്ട് അസാധുവാക്കൽ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.