ജെ.ഡി-എസിന് നാണക്കേടിന്റെ രണ്ടാമധ്യായം
text_fieldsബംഗളൂരു: ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ കേസിന് പിന്നാലെ സഹോദരൻ സൂരജ് രേവണ്ണയും മറ്റൊരു ലൈംഗികാപവാദത്തിൽപെടുമ്പോൾ ജെ.ഡി-എസിനും ദേവഗൗഡ കുടുംബത്തിനും ഇത് നാണക്കേടിന്റെ രണ്ടാമധ്യായം. അറസ്റ്റിലായ സൂരജ് രേവണ്ണ ജെ.ഡി-എസിന്റെ എം.എൽ.സി കൂടിയാണെന്നത് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടിലൂടെ ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നേട്ടമുണ്ടാക്കിയ ജെ.ഡി-എസിന്റെ ശോഭ കെടുത്തുന്ന സംഭവവികാസങ്ങളാണ് ദേവഗൗഡ കുടുംബത്തിൽനിന്ന് തുടർച്ചയായി അരങ്ങേറുന്നത്. എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രി കൂടിയായിരിക്കെ, ആരോപണശരങ്ങളിൽ പാർട്ടി പ്രതിരോധത്തിലാവുകയാണ്.
സൂരജ് രേവണ്ണ വിവാദത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് ദേഷ്യത്തോടെയാണ് ബംഗളൂരു വിമാനത്താവളത്തിൽവെച്ച് എച്ച്.ഡി. കുമാരസ്വാമി പ്രതികരിച്ചത്. ആ വിഷയം തന്റെ മുന്നിൽ കൊണ്ടുവരേണ്ടെന്നും ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കുപിന്നിൽ ഗൂഢാലോചനയാണെന്ന് പരോക്ഷമായി സൂചിപ്പിച്ച അദ്ദേഹം, എന്തുകൊണ്ടാണ് ഈ പരാതി ഉയർന്നതെന്ന് വരും ദിവസങ്ങളിൽ വൈകാതെ മനസ്സിലാവുമെന്നും കൂട്ടിച്ചേർത്തു.
ആരു തെറ്റു ചെയ്താലും നിയമപ്രകാരം ശിക്ഷിക്കപ്പെടണമെന്ന് ജെ.ഡി-എസിന്റെ മുതിർന്ന നേതാവ് ബന്ദപ്പ കാശംപുർ പ്രതികരിച്ചു. പ്രജ്വൽ രേവണ്ണക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചു. പ്രജ്വലിനെതിരായ വിഡിയോകൾ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് പ്രചരിച്ചത്. ഇപ്പോഴവർ സൂരജ് രേവണ്ണക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് -അദ്ദേഹം പറഞ്ഞു.
കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. ആരായാലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. തെറ്റു ചെയ്തത് പ്രജ്വൽ രേവണ്ണയോ സൂരജ് രേവണ്ണയോ ആയാലും അവർ ശിക്ഷിക്കപ്പെടണം -പ്രൾഹാദ് ജോഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.