കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ; 2-6 പ്രായക്കാർക്കുള്ള രണ്ടാം ഡോസ് അടുത്ത ആഴ്ച
text_fieldsന്യൂഡൽഹി: ഭാരത് ബയോടെക്കിന്‍റെ കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിലേക്ക്. 2-6 പ്രായത്തിലുള്ള കുട്ടികൾക്കുള്ള കോവാക്സിന്റെ രണ്ടാം ഡോസ് പരീക്ഷണം അടുത്ത ആഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്.
ആറിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ രണ്ടാം ഡോസ് നേരത്തെ നൽകിയിരുന്നതായി ഡൽഹി എയിംസ് അധികൃതർ വ്യക്തമാക്കി. 18ന് താഴെ പ്രായമായവർക്കുള്ള വാക്സിൻ പരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ് ഡൽഹി എയിംസ്.
കോവിഡ് മൂന്നാം തരംഗത്തിന് മുമ്പ് ഇന്ത്യയിൽ കുട്ടികൾക്കുള്ള വാക്സിൻ തയാറാക്കാനാണ് അധികൃതരുടെ ശ്രമം. സെപ്റ്റംബറിൽ കുട്ടികൾക്കുള്ള വാക്സിൻ തയാറാകുമെന്ന് നേരത്തെ എയിംസ് ഡയരക്ടർ ഡോ. രൺദീപ് ഗുലേറിയ അറിയിച്ചിരുന്നു.
കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് തരം തിരിച്ചാണ് പരീക്ഷണം നടത്തുന്നത്. ഓരോ പ്രായത്തിലുമുള്ള 175 കുട്ടികളെയാണ് പരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാക്സിൻ രണ്ടാം ഡോസ് പൂർത്തിയാക്കിയ ശേഷം ആഗസ്റ്റ് അവസാനം ഇടക്കാല റിപ്പോർട്ട് തയാറായേക്കും. കുട്ടികൾക്ക് വാക്സിൻ എത്രത്തോളം സുരക്ഷിതമാണെന്ന് ഇടക്കാല റിപ്പോർട്ടിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
18 വയസിന് താഴെയുള്ള കുട്ടികൾക്കുള്ള വാക്സിന്റെ പരീക്ഷണം അവസാന ഘട്ടത്തിലാണെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയെ അറിയിച്ചിരുന്നു. കോവാക്സിൻ മാത്രമല്ല സൈഡസ് കാഡില വാക്സിനും രാജ്യത്ത് കുട്ടികളിൽ പരീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.