രണ്ടാം കർഷകസമരം നാളെ; അനുനയവും പ്രതിരോധവും
text_fieldsന്യൂഡൽഹി: വിളകൾക്ക് മിനിമം താങ്ങുവില (എം.എസ്.പി) ഉറപ്പാക്കാൻ നിയമം കൊണ്ടുവരുന്നതുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിൽ 200ലധികം കർഷക സംഘടനകൾ ചൊവ്വാഴ്ച ഡൽഹിയിലേക്ക്. അതിർത്തി കടന്ന് ‘ഡൽഹി ചലോ’ മാർച്ച് രാജ്യതലസ്ഥാനത്ത് എത്താനിരിക്കെ അനുനയനീക്കവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. കർഷകരെ ചർച്ചക്കു വിളിച്ച് കേന്ദ്ര കൃഷി മന്ത്രാലയം സംഘടനകൾക്ക് കത്ത് നൽകി.
തിങ്കളാഴ്ച ചണ്ഡിഗഢിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന യോഗത്തിൽ കൃഷിമന്ത്രി അർജുൻ മുണ്ട, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ പങ്കെടുക്കുമെന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, സംസ്ഥാന അതിർത്തിപ്രദേശങ്ങളിൽ ഡൽഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിക്രി, സിംഗു, ഗാസിപ്പുർ, ബദർപ്പുർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹവും അർധസൈനിക വിഭാഗവും ക്യാമ്പ് ചെയ്യുന്നുണ്ട്.
ഒരുഭാഗത്ത് സർക്കാർ ചർച്ചക്ക് ക്ഷണിക്കുകയും മറുഭാഗത്ത് ഭയപ്പെടുത്താൻ ശ്രമിക്കുകയുമാണെന്ന് കർഷകനേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ പറഞ്ഞു. ചർച്ച പരാജയപ്പെട്ടാൽ പഞ്ചാബിൽനിന്ന് ഡൽഹിയിലേക്ക് 2000 ത്തിലധികം ട്രാക്ടറുകളുമായി നീങ്ങും. യു.പിയിൽനിന്ന് 500ലധികം ട്രാക്ടറുകളും രാജസ്ഥാനിൽനിന്ന് 200ഓളം ട്രാക്ടറുകളും മാർച്ചിൽ പങ്കെടുക്കും. 2020ൽ ചെയ്തതുപോലെ എല്ലാ ബാരിക്കേഡുകളും തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യുന്ന കർഷകരെ പഞ്ചാബ്, ഹരിയാന, ഡൽഹി സർക്കാറുകൾ അടിച്ചമർത്താൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ (ലഖോവൽ) ജനറൽ സെക്രട്ടറി ഹരീന്ദർ സിങ് ലഖോവലും അറിയിച്ചു. കോർപറേറ്റുകൾക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ സഹായം അനുവദിക്കുന്ന കേന്ദ്രസർക്കാർ ഇറക്കുമതി തീരുവ ഉൾപ്പെടെ കുറച്ച് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് സമരം പ്രഖ്യാപിച്ച് സംഘടനകൾ പുറത്തിറക്കിയ പ്രമേയത്തിൽ പറയുന്നു.
സമരത്തെ നേരിടാൻ ഊർജിത ഒരുക്കങ്ങളാണ് പൊലീസ് നടത്തുന്നത്. വലിയ ക്രെയിനുകളും കണ്ടെയ്നറുകളും വിവിധ റോഡുകളിൽ സജ്ജമാക്കി. അംബാലയിൽ ഹരിയാന പൊലീസും പ്രാദേശിക ഭരണകൂടവും ചേർന്ന് റോഡുകളിൽ കോൺക്രീറ്റ് ബാരിക്കേഡുകളും മുള്ളാണികളും സ്ഥാപിച്ചുവരുകയാണ്. തിങ്കളാഴ്ച രാവിലെ ആറു മുതൽ 13ന് രാത്രി 12 വരെ വിവിധ സ്ഥലങ്ങളിൽ ഹരിയാന സർക്കാർ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
എന്തുകൊണ്ടാണ് കർഷകരോട് ഇത്തരം പെരുമാറ്റം?
കർഷകരുടെ ഡൽഹി ചലോ മാർച്ചിനു മുന്നോടിയായി ഡൽഹി അതിർത്തിക്കടുത്തുള്ള ചില റോഡുകളിൽ ആണികൾ വിതറിയത് ‘അമൃത്കാല’ത്തിലാണോ ‘അന്യായകാല’ത്തിലാണോ? ഈ നിർവികാരവും കർഷകവിരുദ്ധവുമായ മനോഭാവം 750 കർഷകരുടെ ജീവനാണ് നഷ്ടപ്പെടുത്തിയത്. കർഷകർക്കെതിരെ പ്രവർത്തിക്കുകയും അവരെ ശബ്ദമുയർത്താൻപോലും അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. എന്തുതരം സർക്കാറാണിത്. സ്വന്തം രാജ്യത്തെ സർക്കാറിലേക്ക് വരാതെ അവർ മറ്റെവിടേക്കു പോകും. മിസ്റ്റർ പ്രധാനമന്ത്രി! എന്തുകൊണ്ടാണ് രാജ്യത്തെ കർഷകരോട് ഇത്തരം പെരുമാറ്റം? എന്തുകൊണ്ടാണ് നിങ്ങൾ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തത്?-പ്രിയങ്ക ഗാന്ധി (കോൺഗ്രസ് നേതാവ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.