എന്‍.സി.പിയിലെ പിളര്‍പ്പിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗം മാറ്റിവെച്ചു
text_fieldsബംഗളൂരു: ജൂലൈ 13ന് ബംഗളൂരുവിൽ നടക്കേണ്ടിയിരുന്ന പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗം മാറ്റിവെച്ചു. വിവിധ നിയമസഭ സമ്മേളനങ്ങളും പാർലമെന്‍റ് വർഷകാല സമ്മേളനവും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ജെ.ഡി.യു വക്താവ് കെ.സി. ത്യാഗി അറിയിച്ചു. ജൂൺ 23ന് പട്‌നയിലായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം ചേര്‍ന്നത്.
15 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലാണ് രണ്ടാമത്തെ യോഗം നടക്കേണ്ടിയിരുന്നത്. അതിനിടെയാണ് പ്രതിപക്ഷ കാമ്പുകളിൽ ഞെട്ടലുണ്ടാക്കി എന്‍.സി.പിയില്‍ പിളര്‍പ്പുണ്ടായത്. ഇതും യോഗം മാറ്റിവെക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് സൂചന.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മൺസൂൺ സമ്മേളനത്തിന്‍റെ തിരക്കിലായതിനാൽ യോഗം മാറ്റിവെക്കണമെന്ന് ആർ.ജെ.ഡിയും ജെ.ഡി.യുവും നേരത്തെ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കർണാടക നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 13, 14 തിയതികളിലെ യോഗം മാറ്റിവെക്കാൻ കർണാടക കോൺഗ്രസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.
ജൂലൈ 20ന് മുതൽ ആഗസ്ത് 20 വരെയാണ് പാർലമെന്‍റ് വർഷകാല സമ്മേളനം. ബിഹാർ നിയമസഭയുടെ വര്‍ഷകാല സമ്മേളനം ജൂലൈ 10 മുതൽ 14 വരെയാണ്. കർണാടക നിയമസഭയുടെ ബജറ്റ്-മൺസൂൺ സമ്മേളനം ജൂലൈ മൂന്ന് മുതൽ 14 വരെ നടക്കും.
എന്‍.സി.പി നേതാവ് ശരത് പവാറാണ് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗത്തിന്‍റെ തിയതിയും സ്ഥലവും പ്രഖ്യാപിച്ചത്. ആദ്യം ഷിംലയിലായിരുന്നു യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. രണ്ടാം യോഗം എന്നു നടക്കുമെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.