ബംഗളൂരു ഉൾപ്പെടെ 16 ജില്ലകളിൽ രണ്ടാംഘട്ട ഇളവുകൾ
text_fieldsബംഗളൂരു: രോഗ സ്ഥിരീകരണ നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുള്ള ബംഗളൂരു അർബൻ ഉൾപ്പെടെയുള്ള 16 ജില്ലകളിൽ ലോക്ഡൗണിലെ രണ്ടാംഘട്ട ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. 'അൺലോക് -2'െൻറ ഭാഗമായി ബംഗളൂരുവിലും മറ്റു 15 ജില്ലകളിലും എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാൻ അനുമതി നൽകി.
എല്ലായിടത്തും 50 ശതമാനം യാത്രക്കാരുമായി സ്വകാര്യ ബസ് ഉൾപ്പെടെ സർവീസ് 21 മുതൽ തുടങ്ങും. നിന്നു യാത്ര ചെയ്യാനാകില്ല. എന്നാൽ, ഷോപ്പിങ് മാളുകൾ തുറക്കാൻ അനുമതിയില്ല. ബംഗളൂരുവിൽ മെട്രോ ട്രെയിൻ സർവിസും ബി.എം.ടി.സി സർവിസും ആരംഭിക്കും. മറ്റു 15 ജില്ലകളിൽ ബസ് സർവിസും മറ്റു പൊതുഗതാഗതത്തിനും അനുമതിയുണ്ട്. ബംഗളൂരു അർബൻ, ഉത്തര കന്നട, ബെളഗാവി, മാണ്ഡ്യ, കൊപ്പാൽ, ചിക്കബെല്ലാപുർ, തുമകുരു, കോലാർ, ഗദഗ്, റായ്ച്ചൂർ, ബാഗൽകോട്ട്, കലബുറഗി, ഹാവേരി, രാമനഗര, യാദ്ഗിർ, ബീദർ എന്നീ 16 ജില്ലകളിലാണ് ജൂൺ 21 മുതൽ ജൂലൈ അഞ്ചുവരെ രണ്ടാഴ്ചത്തേക്ക് ലോക് ഡൗണിൽ രണ്ടാംഘട്ട ഇളവുകൾ (അൺലോക്-2) പ്രഖ്യാപിച്ചത്. നേരത്തെ ആദ്യഘട്ടത്തിൽ 19 ജില്ലകളിലാണ് ഇളവ് പ്രഖ്യാപിച്ചതെങ്കിൽ രണ്ടാംഘട്ടത്തിൽ 16 ജില്ലകളിലായി ഇളവുകൾ പരിമിതപ്പെടുത്തി.
രാത്രി ഏഴുമുതൽ രാവിലെ അഞ്ചുവരെ രാത്രി കർഫ്യൂവും വെള്ളിയാഴ്ച രാത്രി ഏഴുമുതൽ തിങ്കളാഴ്ച രാവിലെ അഞ്ചുവരെയും വാരാന്ത്യ കർഫ്യൂവും സംസ്ഥാനത്തെ 30 ജില്ലകളിലും കർശനമായി തുടരും. രോഗ സ്ഥിരീകരണ നിരക്ക് അഞ്ചു ശതമാനത്തിനും പത്തുശതമാനത്തിനും ഇടയിലുള്ള 13 ജില്ലകളിൽ ആദ്യഘട്ടത്തിലുള്ള ഇളവുകൾ മാത്രമായിരിക്കും ഉണ്ടാകുക.
ഹാസൻ, ഉഡുപ്പി, ദക്ഷിണ കന്നട, ശിവമൊഗ്ഗ, ചാമരാജ് നഗർ, ചിക്കമഗളൂരു, ബംഗളൂരു റൂറൽ, ദാവൻഗരെ, കുടക്, ധാർവാഡ്, ബെള്ളാരി, ചിത്രദുർഗ, വിജയപുര ജില്ലകളിലായിരിക്കും ജൂൺ 11ന് പ്രഖ്യാപിച്ച ആദ്യഘട്ട ഇളവുകൾ മാത്രം ഉണ്ടാകുക. രോഗ സ്ഥിരീകരണ നിരക്ക് പത്തുശതമാനത്തിൽ കൂടുതലുള്ള മൈസൂരുവിൽലോക്ഡൗൺ തുടരും. പത്തുവരെ മാത്രമേ ഇവിടെ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാൻ പാടുള്ളൂ.
മെട്രോ ട്രെയിൻ, ബസ് സർവിസിനും അനുമതി
ബംഗളൂരു: ബംഗളൂരു അർബൻ ജില്ലയിൽ ഉൾപ്പെടെ 16 ജില്ലകളിൽ രണ്ടാംഘട്ട ഇളവുകളുടെ ഭാഗമായി ജൂൺ 21 മുതൽ ബസ് സർവിസിനും പൊതുഗതാഗത്തിനും അനുമതിയുണ്ട്. അതുപോലെ ഹോട്ടലുകളിൽ വൈകീട്ട് അഞ്ചുവരെ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതിയുണ്ട്.
ബംഗളൂരു മെട്രോ ട്രെയിൻ സർവിസും ജൂൺ 21 മുതൽ ആരംഭിക്കും. എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് അഞ്ചുവരെ തുറക്കാമെന്ന ഇളവ് വ്യാപാരികൾക്ക് ഏറെ ആശ്വാസമാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, തിയറ്ററുകൾ, പബുകൾ, അമ്യൂസ്മെൻറ് പാർക്കുകൾ തുടങ്ങിയവ തുറക്കാൻ അനുമതി നൽകിയിട്ടില്ല.
രണ്ടാംഘട്ടത്തിൽ 16 ജില്ലകളിലെ ഇളവുകൾ
• എ.സിയില്ലാതെ ജിമ്മുകൾ തുറക്കാം (50ശതമാനം ആളുകളെ മാത്രം)
• എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് അഞ്ചുവരെ തുറക്കാം
• 50 ശതമാനം ആളുകളുമായി പൊതുഗതാഗതത്തിനും ബസ് സർവിസിനും അനുമതി
• 50 ശതമാനം യാത്രക്കാരുമായി ബംഗളൂരു മെട്രോ ട്രെയിൻ സർവിസ്
• മദ്യം നൽകാതെയും എ.സി പ്രവർത്തിപ്പിക്കാതെയും ഹോട്ടലുകളിലും
ഭക്ഷണശാലകളിലും ക്ലബുകളിലും വൈകീട്ട് അഞ്ചുവരെ ഇരുന്ന് ഭക്ഷണം കഴിക്കാം
(50 ശതമാനം ആളുകളെ മാത്രം)
• ഹോട്ടലുകളിൽ മറ്റു സമയങ്ങളിൽ പാർസൽ മാത്രം
• ലോഡ്ജുകളും റിസോർട്ടുകളും തുറക്കാം (50 ശതമാനം ആളുകളെ മാത്രം)
• കാണികൾ ഇല്ലാതെ കായിക പരിപാടികൾക്കായി സ്റ്റേഡിയം തുറക്കാം
• സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.