രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ പരക്കെ അക്രമം; തൃണമൂൽ പ്രവർത്തകൻ കൊല്ലെപ്പട്ടു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പരക്കെ അക്രമം. ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. കേശ്പുർ സ്വദേശിയായ 40കാരനായ ഉത്തം ദോലയാണ് കുത്തേറ്റുമരിച്ചത്.
ബുധനാഴ്ച രാത്രി വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ബി.ജെ.പി പ്രവർത്തകർ വീട്ടിൽ കയറി അക്രമിക്കുകയായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഉത്തം ദോലയുടെ വയറിനാണ് കുത്തേറ്റത്. മാരകമായി പരിക്കേറ്റ ഉത്തം ദോല ഉടൻ തന്നെ മരിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ഹരിഹർചക് പ്രദേശത്ത് ആശങ്ക വർധിച്ചു. സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന മിക്കയിടങ്ങളിലും ബി.ജെ.പി പരക്കെ അക്രമം നടത്തുകയാണെന്ന് തൃണമൂൽ ആരോപിച്ചു. ബൂത്തുകൾ കൈയേറി പോളിങ് ഒാഫിസർമാരെ ഭീഷണിപ്പെടുത്തിയതായും ബൂത്ത് പിടിച്ചെടുത്ത് ബി.ജെ.പി ഗുണ്ടകൾ വോട്ടെടുപ്പ് തടസപ്പെടുത്തുന്നതായും തൃണമൂൽ ആരോപിച്ചു.
ദെബ്ര ബി.െജ.പി സ്ഥാനാർഥി വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നതായി തൃണമൂൽ ആരോപിച്ചു. ബി.ജെ.പി സ്ഥാനാർഥി ഭാരതി ഘോഷിനെതിരെയാണ് ആരോപണം. ബുധനാഴ്ച മുതൽ ബി.ജെ.പി പണം വിതരണം ചെയ്ത് തുടങ്ങിയെന്നും കേന്ദ്രസേനകളോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം ദെബ്ര മണ്ഡലത്തിലെ നൗപാരയിലെ 22ാം ബൂത്തിൽ ബി.ജെ.പിയുടെ പോളിങ് ഏജന്‍റിനെ 150ഓളം തൃണമൂൽ ഗുണ്ടകൾ വളഞ്ഞിരിക്കുകയാണെന്നും പോളിങ് ബൂത്തിൽ പ്രവേശിപ്പിക്കുന്നില്ലെന്നും ഭാരതി ഘോഷ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.