രണ്ടാം ഘട്ടം: സിറ്റിങ് സീറ്റുകൾ ബി.ജെ.പി നിലനിർത്തുമോ?
text_fieldsകേരളത്തോടൊപ്പം വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ജനവിധി തേടുന്നത് മൂന്ന് മണ്ഡലങ്ങൾ. 2019ൽ ബി.ജെ.പി തൂത്തുവാരിയ, അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ബാലൂർഘട്ട്, ഡാർജീലിങ്, റായ്ഗഞ്ച് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്.
ബി.ജെ.പിക്ക് ഏറെ പ്രാധാന്യമുള്ളതാണ് മൂന്ന് മണ്ഡലങ്ങളും. സംസ്ഥാന അധ്യക്ഷൻ സുകന്ദ മജുന്ദാറാണ് ബാലൂർഘട്ടിൽ നിന്നും മത്സരിക്കുന്നത്. കഴിഞ്ഞ തവണ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മജുന്ദാറിന്റെ വിജയം. ഇക്കുറി സീറ്റ് പിടിച്ചെടുക്കാൻ മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള മന്ത്രി വിപ്ലവ് മിത്രയെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) രംഗത്ത് ഇറക്കിയതോടെ മത്സരം കടുത്തു.
പൊതുതെരഞ്ഞെടുപ്പിനുശേഷം നടന്ന നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ടി.എം.സി മികച്ച വിജയം കൈവരിച്ചതും ബി.ജെ.പിക്ക് പ്രതിസന്ധിയുണ്ടാക്കും. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മണ്ഡലത്തിൽ നുഴഞ്ഞുകയറ്റം, സി.എ.എ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാക്കിയായിരുന്നു ബി.ജെ.പി പ്രചാരണം. 29 ശതമാനം ജനസംഖ്യയുള്ള മുസ്ലിം വിഭാഗത്തിലാണ് ടി.എം.സി പ്രതീക്ഷ.
കോൺഗ്രസ് -ഇടത് സഖ്യത്തിൽ, 1977 മുതൽ 2009 വരെ മണ്ഡലം കുത്തകയാക്കിവെച്ച ആർ.എസ്.പിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച ആർ.എസ്.പി, സി.പി.എം, കോൺഗ്രസ് പാർട്ടികൾക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
നിയമസഭ തെരഞ്ഞെടുപ്പിൽ റായ്ഗഞ്ചിലെ ഏഴിൽ ആറ് സീറ്റും നേടി ടി.എം.സി മണ്ഡലത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ സിറ്റിങ് എം.പിയായ കേന്ദ്ര മന്ത്രി ദബാഷി ചൗധരിയെ മാറ്റി പുതുമുഖത്തെയാണ് ബി.ജെ.പി മത്സരത്തിനിറക്കിയത്. സീറ്റ് പിടിക്കാൻ എം.എൽ.എ കൃഷ്ണ കല്യാണിയാണ് ടി.എം.സിക്ക് വേണ്ടി ജനവിധി തേടുന്നത്.
നിയമസഭയിലേക്ക് ബി.ജെ.പി സീറ്റിൽ വിജയിച്ച കല്യാണി പിന്നീട് തൃണമൂലിൽ ചേരുകയായിരുന്നു. സി.പി.എം സംസ്ഥാന അധ്യക്ഷൻ മുഹമ്മദ് സലിം 2014ൽ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമായിരുന്നു റായ്ഗഞ്ച്. 2019ൽ മൂന്നാം സ്ഥാനത്തേക്ക് പോയി. ഇക്കുറി സി.പി.എമ്മുമായുള്ള സഖ്യത്തിൽ കോൺഗ്രസിനാണ് സീറ്റ്.
നാല് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് ജയിച്ച സിറ്റിങ് എം.പി രാജു ബിഷ്ടയാണ് ഇക്കുറിയും ഡാർജീലിങ്ങിൽ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നത്. മണ്ഡലത്തിൽ ഭൂരിപക്ഷമുള്ള ഗൂർഖ വിഭാഗത്തിന്റെ പിന്തുണയിലാണ് ഡാർജീലിങ്ങിലെ ബി.ജെ.പി വിജയം.
ഗുർഖ സംസ്ഥാന രൂപവത്കരണം, ഗോത്ര പദവി എന്നീ വാഗ്ദാനം നൽകിയ ബി.ജെ.പി വാക്കുപാലിക്കാതെ വന്നതോടെ ഗൂർഖകൾ പാർട്ടിക്ക് എതിരായിട്ടുണ്ട്. മണ്ഡലത്തിൽ ബി.ജെ.പി എം.എൽ.എ വിമതനായി മത്സരിക്കുന്നതും പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.