വിറപ്പിച്ച് കോവിഡിന്റെ രണ്ടാം തരംഗം
text_fieldsന്യൂഡൽഹി: രാജ്യത്ത് ഒറ്റ ദിവസത്തെ കോവിഡ് കേസുകളുടെ എണ്ണം 72,000 കടന്നു. മരണസംഖ്യയും കുത്തനെ ഉയർന്നു. 24 മണിക്കൂറിനിടെ, 72,330 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 459 പേർ മരിച്ചു. അഞ്ചുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന മരണ നിരക്കാണിത്.
കേസുകളുയരുന്ന പശ്ചാത്തലത്തിൽ ആർ.ടി.പി.സി.ആർ പരിശോധനകളുടെ അനുപാതം ആകെ പരിശോധനകളുടെ 70 ശതമാനത്തിലധികമായി വർധിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, പഞ്ചാബ്, കർണാടക, കേരളം, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. പുതിയ കേസുകളിൽ 84.61 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 39,544, ഛത്തിസ്ഗഢിൽ 4,563, കർണാടകയിൽ 4,225 പേർക്ക് വീതം പുതുതായി രോഗം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,84,055 ആയി. 24 മണിക്കൂറിനിടെ 31,489 പേർക്കാണ് രോഗം േഭദമായത്.
അതിനിടെ, വ്യാഴാഴ്ച രാവിലെ ഏഴു വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 6.5 കോടിയിലധികം കോവിഡ് വാക്സിൻ ഡോസ് നൽകിയെന്ന് ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ വ്യാഴാഴ്ച ആരംഭിച്ചു. കോവിഡ് വീണ്ടും െപരുകുന്ന പശ്ചാത്തലത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്കൂളുകൾ തുറക്കരുതെന്ന് ഡൽഹി വിദ്യാഭ്യാസ ബോർഡ് അറിയിച്ചു.
ഛത്തിസ്ഗഢ് സർക്കാർ മന്ത്രാലയങ്ങളിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി നിയന്ത്രണം ഏർപ്പെടുത്തി.
ഏപ്രിലിൽ അവധിയില്ലാതെ കുത്തിവെപ്പ്; ക്രമീകരണം ഏർപ്പെടുത്തി
ന്യൂഡൽഹി: ഏപ്രിൽ ഒന്നു മുതൽ 30 വരെ എല്ലാ ദിവസങ്ങളിലും എല്ലാ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കും.
ഗസറ്റഡ് അവധിദിനങ്ങൾ ഉൾപ്പെടെ ഏപ്രിലിലെ എല്ലാ ദിവസങ്ങളിലും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നും കേന്ദ്രം അറിയിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം വ്യാപനസാധ്യത –ചീഫ് സെക്രട്ടറി
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനം കൂടിയേക്കാമെന്നും രോഗബാധ കൂടുന്ന ഇടങ്ങളിൽ കൂടുതൽ നിയന്ത്രണം വേണ്ടിവരുമെന്നും ചീഫ് സെക്രട്ടറി വി.പി. ജോയി. അടുത്ത ഒന്നരമാസത്തിനകം കേരളത്തിൽ ഒരു കോടി ആളുകൾക്ക് കോവിഡ് വാക്സിൻ നൽകണം.
45 വയസ്സ് പൂർത്തിയായ എല്ലാവരും വാക്സിൻ എടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.പി ജോയ്.
അതിനിടെ, സംസ്ഥാനത്ത് 45 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കോവിഡ് വാക്സിന് നല്‍കിത്തുടങ്ങി. വൈകീട്ട് വരെയുള്ള കണക്കനുസരിച്ച് 52,097 പേര്‍ക്കാണ് നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ 36,31,372 ഡോസ് വാക്സിൻ നൽകി. ഇതില്‍ 34,89,742 പേര്‍ക്ക് കോവിഷീല്‍ഡ് വാക്സിനും 1,41,630 പേര്‍ക്ക് കോവാക്സിനുമാണ് നല്‍കിയത്. സംസ്ഥാനത്ത് 9,51,500 ഡോസ് കോവിഷീല്‍ഡ് വാക്സിനുകള്‍ കൂടി എത്തിയിട്ടുണ്ട്.
ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന് സ്വീകരിക്കാം. തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനെടുക്കാന്‍ എത്തുന്നതാണ് നല്ലത്. www.cowin.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.