കോവിഡ് രണ്ടാം തരംഗം 'മോദി നിര്‍മിത ദുരന്തം'- മമത
text_fieldsകൊല്‍ക്കത്ത: രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം 'മോദി നിർമിത ദുരന്തം' ആണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദക്ഷിണ്‍ ദിനജ്പുര്‍ ജില്ലയിലെ ബലൂർഗഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവർ വിമർശിച്ചത്. ബംഗാൾ എൻജിൻ സർക്കാറിൽ മാത്രമേ പശ്ചിമ ബംഗാൾ ഓടുകയുള്ളൂയെന്നും മോദിയുടെ 'ഇരട്ട എൻജിൻ' അതിന് ആവശ്യമില്ലെന്നും മമത പറഞ്ഞു.
'കോവിഡിന്‍റെ രണ്ടാം വരവ് വളരെ തീവ്രമാണ്. ഇത് മോദി നിര്‍മിത ദുരന്തമാണെന്ന് ഞാന്‍ പറയും. രാജ്യത്ത് പലയിലടത്തും വാക്‌സിനും ഓക്‌സിജനും കിട്ടാനില്ല. രാജ്യത്ത് വാക്‌സിനും മരുന്നുകള്‍ക്കും ക്ഷാമം നേരിടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇവയെല്ലാം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ്' -മമത ആരോപിച്ചു.
ഇത് ബംഗാളിനെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്. ബംഗാളി മാതാവിന്‍റെ അഭിമാനം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണിത്. പശ്ചിമ ബംഗാളിന് ഓടാൻ ബംഗാൾ എന്‍ജിന്‍ സര്‍ക്കാർ മതി. അതിന് മോദിയുടെ ഇരട്ട എന്‍ജിൻ സർക്കാർ വേണ്ട. ബംഗാളിനെ പിടിച്ചെടുക്കാനോ ഡല്‍ഹിയില്‍ ഇരുന്ന് ഭരിക്കാനോ ഗുജറാത്തിനെ അനുവദിക്കില്ല. ബംഗാളില്‍ ഉള്ളവര്‍ തന്നെ ബംഗാളിനെ ഭരിക്കുമെന്നും മമത വ്യക്തമാക്കി.
കേന്ദ്രവും ബംഗാളും ഒരു പാർട്ടി തന്നെ ഭരിക്കുമെന്ന അർഥത്തിൽ ബി.ജെ.പിക്കാർ മുന്നോട്ടുവെക്കുന്ന 'ഇരട്ട എൻജിൻ സർക്കാർ' പ്രയോഗത്തെ പരിഹസിക്കുകയായിരുന്നു അവർ. തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ ഇങ്ങോട്ടെത്തിച്ച് ബി.ജെ.പി ബംഗാളിലെ ജനങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ത്തുകയാണെന്നും മമത ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.