ചാരവൃത്തി ആരോപിച്ച് ഇന്ത്യക്കാരന് വധശിക്ഷ
text_fieldsന്യൂഡൽഹി: ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യുടെ ചാരനാണെന്ന് ആരോപിച്ച് ഒരു വർഷം മുമ്പ് പിടികൂടിയ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ സുധീർ ജാദവിന് (46) പാകിസ്താൻ പട്ടാള കോടതി വധശിക്ഷ വിധിച്ചു. പുകഞ്ഞുനിൽക്കുന്ന ഇന്ത്യ-പാക് ബന്ധത്തിൽ ഇത് മറ്റൊരു തീക്കനലായി.തിങ്കളാഴ്ച രാവിലെ പട്ടാളക്കോടതി വിധി വന്നതിനു പിന്നാലെ ഇന്ത്യയിലെ പാക് ഹൈകമീഷണർ അബ്ദുൽ ബാസിതിനെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ വിളിച്ചുവരുത്തി അമർഷം അറിയിച്ചു. പാകിസ്താൻ സമീപനം തിരുത്തിയില്ലെങ്കിൽ ഇന്ത്യയിലുള്ള പാക് തടവുകാരെ വിട്ടയക്കില്ലെന്നും കേന്ദ്രം പ്രഖ്യാപിച്ചു. ഇറാനിൽനിന്ന് ചതിച്ചു പിടികൂടിയ ജാദവിനെ മതിയായ തെളിവുകളില്ലാതെയും ഇന്ത്യക്ക് നയതന്ത്ര കൂടിക്കാഴ്ച അനുവദിക്കാതെയും നീതിയുടെ അടിസ്ഥാന രീതികൾ പാലിക്കാതെയും രഹസ്യവിചാരണ നടത്തി വിധിച്ച വധശിക്ഷ നടപ്പാക്കിയാൽ, മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിച്ച കൊലയായി അതിനെ കാണുമെന്ന് സർക്കാർ മുന്നറിയിപ്പു നൽകി. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷനെ കുൽഭൂഷണിെന വിചാരണ നടത്തുന്ന കാര്യം അറിയിക്കുകപോലും ചെയ്തില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
1952ലെ പാക് സൈനിക നിയമം 59ാം വകുപ്പ്, 1923ലെ ഒൗദ്യോഗിക രഹസ്യ നിയമം മൂന്നാം വകുപ്പ് എന്നിവ പ്രകാരം ഫീൽഡ് ജനറൽ കോർട്ട് മാർഷലാണ് കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത്. ബലൂചിസ്താനിലും കറാച്ചിയിലും സമാധാനം അസ്ഥിരപ്പെടുത്താൻ നിയോഗിച്ച റോ ഏജൻറാണ് താനെന്ന് കുൽഭൂഷൺ പറയുന്ന വിഡിയോ പാകിസ്താൻ പുറത്തുവിട്ടിരുന്നു. എന്നാൽ നിർബന്ധിച്ച് പറയിപ്പിച്ചതാണ് അതെന്ന നിലപാടിലാണ് ഇന്ത്യ. കഴിഞ്ഞ മാർച്ചിൽ പിടിയിലായ കുൽഭൂഷണെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അവസരം നൽകണമെന്ന് 13 വട്ടം അപേക്ഷിച്ചെങ്കിലും, പാകിസ്താൻ ഇൗ ആവശ്യത്തിന് വഴങ്ങിയിരുന്നില്ല. പട്ടാളക്കോടതിയുടെ വിചാരണഘട്ടത്തിൽ അയാളുടെ ഭാഗം വാദിക്കാൻ അഭിഭാഷകനെ വെച്ചുകൊടുത്തുവെന്ന് പാകിസ്താൻ പറയുന്നത് വിശ്വസിക്കുന്നില്ലെന്ന് വിദേശകാര്യ സെക്രട്ടറി പാക് ഹൈകമീഷണറെ അറിയിച്ചിട്ടുണ്ട്.
മുംബൈ പൊലീസ് റിട്ട. അസിസ്റ്റൻറ് കമീഷണർ സുധീർ ജാദവിെൻറ മകനായ കുൽഭൂഷൺ, നാവികസേനയിൽനിന്ന് നിശ്ചിത കാലാവധിക്കു മുേമ്പ പിരിഞ്ഞ് ബിസിനസിലേക്ക് തിരിഞ്ഞയാളാണ്. റോയുടെ ഏജൻറാണെന്ന് പാകിസ്താൻ വാദിക്കുന്നുണ്ടെങ്കിലും സർക്കാറുമായി ഇയാൾക്ക് ബന്ധമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്-ഇറാൻ അതിർത്തി മേഖലയിലെ ചമനിൽനിന്ന് കഴിഞ്ഞ മാർച്ചിൽ പിടികൂടിയെന്ന് പാക് ഭരണകൂടം പറയുന്നുണ്ടെങ്കിലും ഇറാനിൽനിന്ന് തട്ടിക്കൊണ്ടുവന്ന കുൽഭൂഷണെ ഇന്ത്യൻ ചാരനായി ചിത്രീകരിക്കുകയാണ് പാകിസ്താൻ ചെയ്യുന്നതെന്ന വാദമാണ് ഇന്ത്യയുടേത്. കുൽഭൂഷൺ ഇറാനിലോ പാകിസ്താനിൽ തന്നെയോ പോയ സാഹചര്യങ്ങൾ അവ്യക്തമാണ്. അതേസമയം, രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നവർക്ക് താക്കീതാണ് ഇന്ത്യൻ പൗരൻ കൽഭൂഷണിന് വിധിച്ച വധശിക്ഷയെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പാകിസ്താനെതിരെ നീങ്ങുന്നത് ആരായാലും അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
Indian R&AW agent #Kalbushan awarded death sentence through FGCM by Pakistan Army for espionage and sabotage activities against Pakistan. pic.twitter.com/ltRPbfO30V
— Maj Gen Asif Ghafoor (@OfficialDGISPR) April 10, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.