മഹാരാഷ്ട്രയിൽ നിരോധനാജ്ഞ; മലയാളിക്കും രോഗം
text_fieldsമുംബൈ: കോവിഡ് -19 ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും രോഗബാധയെ തുടർന്ന് ഒരാൾകൂടി മരിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ച് മഹാരാഷ്ട്ര. റെയിൽവേ മന്ത്രാലയം ദീർഘദൂര ട്രെയിൻ സർവിസുകൾ നിർത്തിവെച്ചതിനു പിന്നാലെയാണിത്. തെൻറ മുന്നിൽ മറ്റു മാർഗമില്ലെന്നു പറഞ്ഞാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അഞ്ചിൽ കൂടുതൽ ആളുകൾ കൂടിച്ചേരരുത്.
സംസ്ഥാനത്ത് ഞായറാഴ്ച മലയാളിയടക്കം11 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആറുപേർ മുംബൈയിലും നാലുപേർ പുണെയിലും ഒരാൾ നവി മുംബൈയിലുമാണ്. ഇതോടെ, മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 75 ആയി ഉയർന്നു. നവിമുംബൈയിൽ രോഗം ബാധിച്ച മലയാളി ബെൽജിയത്തിൽ നിന്ന് മടങ്ങിവന്ന ആലപ്പുഴ സ്വദേശിയാണ്.
നഗരജീവിതത്തിെൻറ നാഡിയായി അറിയപ്പെടുന്ന ഇലക്ട്രിക് ട്രെയിൻ സർവിസുകളും മാർച്ച് 31വരെ റദ്ദാക്കി. സ്റ്റേറ്റ് ബസ് സർവിസുകളും നിർത്തലാക്കി. അതേസമയം, വൈദ്യരംഗത്തടക്കം അത്യാവശ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും സർക്കാർ ജീവനക്കാർക്കും വേണ്ടി അത്യാവശ്യ ട്രെയിൻ, ബസ് സർവിസുകൾ നടത്തും. പ്രവർത്തനമേഖലയിലെ തിരിച്ചറിയൽ കാർഡുള്ളവരെ മാത്രമേ യാത്രക്ക് അനുവദിക്കൂ. പരിശോധിക്കാനായി റെയിൽ പൊലീസിനുപുറമെ റെയിൽവേയുടെ സ്പെഷൽ സ്ക്വാഡുമുണ്ട്. ജോലിക്ക് എത്തേണ്ട സർക്കാർ ജീവനക്കാരുടെ എണ്ണം അഞ്ചു ശതമാനമായി കുറച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് രോഗം ബാധിച്ച് സ്വകാര്യ അശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന 63 കാരൻ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. പ്രമേഹ, ഹൃദയരോഗിയായ ഇദ്ദേഹത്തിെൻറ ആരോഗ്യാവസ്ഥ മോശമായിരുന്നുവെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. കോവിഡ് ബാധയെ തുടർന്ന് മഹാരാഷ്ട്രയിലുണ്ടായ രണ്ടാമത്തെ മരണമാണിത്.
അതിനിടെ, പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂ മുംബൈ വീഥികളെ വിജനമാക്കി. വൈകീട്ട് അഞ്ചിന് പാത്രങ്ങളിൽ മുട്ടിയും കൈയടിച്ചും ജനം വൈദ്യരംഗത്തുള്ളവരെ ആദരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മുൻ മുഖ്യൻ ദേവേന്ദ്ര ഫഡ്നാവിസും എൻ.സി.പി അധ്യക്ഷൻ ശരദ്പവാറും കുടുംബസമേതം ഇതിെൻറ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.