കൊലപാതക കേസിൽ ഗുർമീത് റാം റഹീമിന്‍റെ വിധി ഇന്ന്; പഞ്ച്ഗുളയിൽ നിരോധനാജ്ഞ
text_fieldsന്യൂഡൽഹി: അനുയായിയെ കൊലപ്പെടുത്തിയ കേസിൽ വിവാദ ആൾദൈവവും ദേരാ സച്ചാ സൗദാ തലവനുമായ ഗുർമീത് റാം റഹീം സിങ്ങിന്‍റെ ശിക്ഷ ചൊവ്വാഴ്ച വിധിക്കും. പഞ്ച്ഗുള സി.ബി.െഎ കോടതിയാണ് വിധി പറയുക. കഴിഞ്ഞദിവസം അനുയായിയെ കൊലപ്പെടുത്തിയ കേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
വിധി പറയുന്ന പശ്ചാത്തലത്തിൽ ഹരിയാനയിലെ പഞ്ച്ഗുള ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 'ഗുർമീത് റാം റഹീം ഉൾപ്പെടെ അഞ്ച് പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. വിധി പറയുന്ന സാഹചര്യത്തിൽ എന്തെങ്കിലും സംഘർഷ സാധ്യത, സമാധാനം തകർക്കൽ, കലാപം സൃഷ്ടിക്കൽ, ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കൽ തുടങ്ങിയ ആശങ്ക കണക്കിലെടുത്ത് ചൊവ്വാഴ്ച 144ാം വകുപ്പ് പ്രഖ്യാപിച്ചു' -ഡി.സി.പി മോഹിത് ഹണ്ഡ പറഞ്ഞു.
റോത്തക്കിലെ സുനാരിയ ജയിലിൽനിന്ന് വിഡിയോ കോൺഫറൻസ് വഴിയാണ് ഗുർമീത് ഹാജരാകുക. ഗുർമീതിനെ കൂടാതെ കൃഷ്ണൻ ലാൽ, അവ്താർ, സബ്ദിൽ, ജസ്ബീർ തുടങ്ങിയവർക്കെതിരായ ശിക്ഷയും വിധിക്കും.
അനുയായിയായ രഞ്ജീത് സിങ്ങിന്‍റെ കൊലപാതകത്തിലാണ് ഗുർമീതും മറ്റു അഞ്ചുപ്രതികളും കുറ്റക്കാരനാണെന്ന് പഞ്ച്ഗുള സി.ബി.ഐ കോടതി കണ്ടെത്തി. രണ്ട് സന്യാസിനിമാരെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് വിവാദ ആൾദൈവം. 2017 ആഗസ്റ്റിലാണ് സി.ബി.ഐ കോടതി ബലാത്സംഗകേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2002 ജൂലൈ പത്തിനായിരുന്നു രഞ്ജീത് സിങ്ങിന്‍റെ കൊലപാതകം. നാലുപേർ ചേർന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുർമീതിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സംഭവം.
പത്രപ്രവർത്തകനായ രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകത്തിൽ 2019 ജനുവരിയിൽ ഗുർമീതിനെയും മറ്റ് മൂന്നുപേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഗുർമീത് തന്‍റെ ആശ്രമത്തിൽ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുന്നുവെന്ന അജ്ഞാത കത്ത് രാമചന്ദ്ര പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു കൊലപാതകം.
2002 മുതൽ ബലാത്സംഗം, കൊലപാതകം തുടങ്ങിയ പരാതികൾ ഗുർമീതിനെതിരെ ഉയർന്നുവന്നിരുന്നു. ആൾദൈവം എന്നതിന് ഉപരി സിനിമ മേഖലയിലും ഗുർമീത് പേരെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.