സ്വവർഗാനുരാഗം നിയമവിരുദ്ധമെന്ന വിധി സുപ്രീംകോടതി പുന:പ്പരിശോധിക്കും
text_fieldsന്യൂഡല്‍ഹി: ഇന്ത്യൻ ശിക്ഷ നിയമത്തിൽ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന 377-ാം വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. പ്രായപൂര്‍ത്തിയായവര്‍ ഉഭയസമ്മതത്തോടെ നടത്തുന്ന സ്വവര്‍ഗരതി ക്രിമിനല്കുറ്റമാക്കരുത് എന്നാവശ്യപ്പെടുന്ന ഹരജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിശാല ബെഞ്ചിെൻറ പരിഗണനക്ക് വിട്ടു.
സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് 377-ാം വകുപ്പിെൻറ ഭരണഘടന സാധുത നേരത്തെ ശരിവെച്ചിരുന്നു. 377-ാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാറും മറ്റും നൽകിയ അഞ്ചു ഹരജികളാണ് ബെഞ്ച് പരിഗണിച്ചത്. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉഭയസമ്മതത്തോടെ സ്വവര്‍ഗരതിയിലേര്‍പ്പെടുന്നത് ക്രിമിനൽകുറ്റമാക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അരവിന്ദ് ദത്താര്‍ എന്നിവര്‍ പറഞ്ഞു.
ജീവപര്യന്തമോ അല്ലെങ്കില്‍ പത്ത് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പരസ്പര സമ്മതത്തോടെ അസ്വാഭാവിക ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയായ രണ്ടുപേരെ ജയിലിലിടാനാവില്ലെന്ന് ദത്താര്‍ വാദിച്ചു. സ്വകാര്യത മൗലികാവകാശമാണെന്ന ഒമ്പതംഗ ബെഞ്ചിെൻറ വിധിയിലെ ഭാഗങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശത്തിെൻറ ഭാഗം തന്നെയാണ്.
സന്നദ്ധ സംഘടനയായ നാസ് ഫൗണ്ടേഷൻ നൽകിയ കേസിൽ 2009ൽ ഭരണഘടന സാധുത ഡല്‍ഹി ഹൈകോടതിയും ശരിവെച്ചിരുന്നതാണ്. എന്നാല്‍ 2014-ല്‍ ഈ വിധി റദ്ദാക്കിക്കൊണ്ട് പ്രസ്തുത വകുപ്പ് ഭരണഘടന വിരുദ്ധമല്ലെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. ഇതിനെതിരെ നല്കിയ പുനഃപരിശോധന ഹരജിയും സുപ്രീംകോടതി തള്ളി. തുടര്‍ന്ന് നല്കിയ തിരുത്തല്ഹരജി വിശാല ബെഞ്ചിന് വിട്ടിരുന്നു.
സ്വന്തം ലൈംഗികാഭിരുചിയുടെ പേരിൽ നിയമത്തെ പേടിച്ച് ജീവിക്കുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ചിലർക്ക് സ്വാഭാവികമെന്ന് തോന്നുന്നത് മറ്റു ചിലർക്ക് അങ്ങനെ അനുഭവപ്പെടണമെന്നില്ല. കാലം മാറുന്നതിനൊത്ത് സാമൂഹിക ധാർമികതയിലും മാറ്റം വരുമെന്ന് കോടതി നിരീക്ഷിച്ചു.
സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമാക്കണമെന്ന് കോടതിയിൽ സർക്കാർ നിർബന്ധം പിടിക്കാൻ ഇടയില്ല. കുറ്റമല്ലാതാക്കുന്നതാണ് ആഗോളപ്രവണതയെന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.