എ.ടി.എമ്മിന് വൈറസ് ബാധ; 32 ലക്ഷം കാർഡുകൾ റദ്ദാക്കി
text_fieldsമുംബൈ/ന്യൂഡല്‍ഹി: അപ്രതീക്ഷിത സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ വിവിധ സ്വകാര്യ- പൊതുമേഖലാ ബാങ്കുകളിലെ 32 ലക്ഷത്തിലേറെ എ.ടി.എം ഡെബിറ്റ് കാര്‍ഡുകള്‍ ബ്ളോക് ചെയ്യുകയോ തിരിച്ചുവിളിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കളെ സാമ്പത്തിക തട്ടിപ്പില്‍നിന്ന് രക്ഷിക്കാനാണ് ബാങ്കുകളുടെ അപൂര്‍വ നടപടി. അതേസമയം, വിഷയത്തിന്‍െറ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ബാങ്കുകളോട് വിശദീകരണം തേടി. ഉപഭോക്താക്കളുടെ സുരക്ഷക്ക് സ്വീകരിച്ച നടപടികളുടെ വിവരങ്ങളാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടത്. സുരക്ഷാ വീഴ്ച ആവര്‍ത്തിക്കാതിരിക്കാനും ആഘാതം വിലയിരുത്താനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്.ബി.ഐക്ക് പുറെമ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, യെസ് ബാങ്ക്, ആക്സിസ് തുടങ്ങി വിവിധ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയ എ.ടി.എം കാര്‍ഡുകളുടെയും വിവരം ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഈ ബാങ്കുകളും വിവരം ചോര്‍ന്നതായി സംശയിക്കുന്ന എ.ടി.എം കാര്‍ഡ് ഉടമകളോട് രഹസ്യ നമ്പറുകള്‍ ഉടന്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യെസ് ബാങ്കിന്‍െറ എ.ടി.എം കൈകാര്യം ചെയ്യുന്ന ഹിറ്റാച്ചി പേയ്മെന്‍റ് സര്‍വിസസ് കമ്പനിയുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിലുണ്ടായ മാല്‍വെയറാണ് (ദുഷ്പ്രോഗ്രാം) ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്ക് കാരണമായി കരുതുന്നത്. ബാങ്കുകളുടെ എ.ടി.എം സംവിധാനം പരിപാലിക്കുന്ന സര്‍വിസ് കമ്പനികളില്‍ ഒന്നാണ് ഹിറ്റാച്ചി പെയ്മെന്‍റ് സര്‍വിസസ്. ഇവരുടെ മെഷീനുകളില്‍ ഇടപാട് നടത്തിയവരുടെ കാര്‍ഡുകളാണ് സംശയനിഴലില്‍. അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് എടുക്കല്‍, പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍ തുടങ്ങിയക്ക് ഹിറ്റാച്ചി സേവനം നല്‍കുന്ന എ.ടി.എം മെഷീനുകളില്‍ കാര്‍ഡ് ഉപയോഗിച്ചവരുടെ വിവരങ്ങള്‍ വൈറസ് ചോര്‍ത്തിയെന്നാണ് കരുതുന്നത്.
എന്നാല്‍, ഹിറ്റാച്ചി കമ്പനി ഇത് നിഷേധിച്ചു. തങ്ങളുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ തകരാര്‍ സംഭവിച്ചിട്ടില്ളെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടത്തെിയതായി അവര്‍ അറിയിച്ചു. ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് പുറം ഏജന്‍സികളെ തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ യെസ് ബാങ്ക് മേധാവി റാണ കപൂര്‍ പക്ഷേ, സുരക്ഷാപ്രശ്നങ്ങളില്‍ നിശ്ശബ്ദത പാലിച്ചു.
സ്റ്റേറ്റ് ബാങ്ക് ആറ് ലക്ഷത്തിലേറെ കാര്‍ഡുകള്‍ തിരിച്ചുവിളിച്ചപ്പോള്‍ ബാങ്ക് ഓഫ് ബറോഡ, ഐ.ഡി.ബി.ഐ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ആന്ധ്ര ബാങ്ക് എന്നിവ അവരുടെ നിരവധി ഉപഭോക്താക്കള്‍ക്ക് കാര്‍ഡുകള്‍ മാറ്റിനല്‍കി. എച്ച്.ഡി.എഫ്.സി ബാങ്ക് അവരുടെ എ.ടി.എം തന്നെ ഉപയോഗിക്കണമെന്നാണ് അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. വൈറസ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയത്തെ തുടര്‍ന്ന് രഹസ്യ നമ്പര്‍ മാറ്റാന്‍ നിര്‍ദേശിച്ചിട്ടും ഉപഭോക്താക്കള്‍ മാറ്റാത്തതിനാലാണ് കാര്‍ഡ് റദ്ദാക്കിയതെന്നാണ് എസ്.ബി.ഐയുടെ വിശദീകരണം. അതത് ബാങ്കുകളില്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കാനാണ് കാര്‍ഡുടമകള്‍ക്കുള്ള നിര്‍ദേശം. തിരിച്ചുവിളിച്ച കാര്‍ഡുകളില്‍ മുന്‍കരുതലായി മാറ്റിക്കൊടുത്തവയും ഉള്‍പ്പെടുമെന്നും ഉപഭോക്താക്കളോട് നിര്‍ബന്ധമായും പിന്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബാങ്കുകള്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ ഭയക്കേണ്ടതില്ല
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ടതില്ളെന്നും എ.ടി.എം ഡെബിറ്റ് കാര്‍ഡുകള്‍ പൂര്‍ണ സുരക്ഷ ഉറപ്പുനല്‍കുന്നതാണെന്നും ധനമന്ത്രാലയം അറിയിച്ചു. 99.5 ശതമാനം കാര്‍ഡുകളും സുരക്ഷിതമാണ്. വെറും പോയന്‍റ് അഞ്ച് ശതമാനം കാര്‍ഡുകള്‍ക്കാണ് ഭീഷണിയുണ്ടായതെന്ന് ധനകാര്യ വകുപ്പിലെ അഡീഷനല്‍ സെക്രട്ടറി ജി.സി. മര്‍മു പറഞ്ഞു. എസ്.ബി.ഐയില്‍നിന്ന് കിട്ടിയ വിവരമനുസരിച്ച് ചില കാര്‍ഡുകളുടെ പിന്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും അതിനെതുടര്‍ന്ന് ബാങ്കുകള്‍ കാര്‍ഡ് മാറ്റി നല്‍കിത്തുടങ്ങിയെന്നും അറിയിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സുരക്ഷാപ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ബാങ്ക് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. മേയ്-ജൂലൈ മാസങ്ങളിലാണ് വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നതെന്നും എന്നാല്‍, സെപ്റ്റംബറിലാണിത് ശ്രദ്ധയില്‍പെട്ടതെന്നും എസ്.ബി.ഐ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ഓപറേറ്റിങ് ഓഫിസറുമായ മഞ്ജു അഗര്‍വാള്‍ പറഞ്ഞു. അപകടഭീഷണി കണ്ടത്തെിയപ്പോള്‍തന്നെ ഉപഭോക്താക്കളോട് കാര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വെറും ഏഴ് ശതമാനം പേര്‍ മാത്രമാണിതിന് തയാറായതെന്ന് അവര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ മറ്റ് കാര്‍ഡുകളും കൂടി തിരിച്ചുവിളിച്ചതെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.