ഫഡ്നാവിസ്, അതാവലെ, രാജ് താക്കറെ എന്നിവരുടെ സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സർക്കാർ; രാഷ്ട്രീയ പകപോക്കലെന്ന് ബി.ജെ.പി
text_fieldsമുംബൈ: മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മന്ത്രി രാംദാസ് അതാവലെ, എം.എൻ.എസ് മേധാവി രാജ് താക്കറെ തുടങ്ങിയവർക്ക് നൽകിയിരുന്ന സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സർക്കാർ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ, മുൻ മുഖ്യമന്ത്രി നാരായൺ റാനെ എന്നിവരുടെ സുരക്ഷ പിൻവലിച്ചു. രാഷ്ട്രീയ വൈരമാണ് ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ വെട്ടിക്കുറച്ചതിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.
വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. മുൻ യു.പി ഗവർണർ റാം നായികിന്‍റെ സുരക്ഷ വെട്ടിക്കുറച്ചപ്പോൾ മുതിർന്ന ബി.ജെ.പി നേതാവ് സുധീർ മുംഗാന്തിവറിന്‍റെ സുരക്ഷ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പ്രമുഖ വ്യക്തികൾക്ക് നിലവിൽ ആക്രമണ ഭീഷണിയുണ്ടോയെന്ന കാര്യം വിശകലനം ചെയ്താണ് നടപടിയെടുത്തതെന്ന് സർക്കാർ വ്യക്തമാക്കുന്നു.
വി.ഐ.പികള്‍ക്ക് നല്‍കിയിട്ടുള്ള സുരക്ഷ ഇടക്കിടെ അവലോകനം ചെയ്യാറുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. 'കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ് ഇത്. 2019ലാണ് അവസാന അവലോകന യോഗം നടന്നത്. കോവിഡ് -19 കാരണം 2020ല്‍ ഇത്തരത്തിലുള്ള യോഗങ്ങളൊന്നും നടന്നില്ല. ചില വി.ഐ.പികള്‍ക്ക് അവര്‍ ചുമതല വഹിക്കുന്ന സ്ഥാനങ്ങളുടെ പ്രത്യേകതമൂലം ഭീഷണി ഉണ്ടാവാറുണ്ട്. എന്നാല്‍ സ്ഥാനങ്ങള്‍ ഒഴിയുമ്പോള്‍ സ്വഭാവിമായും ഭീഷണിയും മാറുന്നു' - സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു.
കോൺഗ്രസ് നേതാവ് ശത്രുഘ്നൻ സിൻഹ, ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാർ, യുവസേന സെക്രട്ടറി വരുൺ ദേശായി എന്നിവർക്ക് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഭരണത്തിലുള്ള ശിവസേന-കോൺഗ്രസ്-എൻ.സി.പി സഖ്യം രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. കോവിഡ് ലോക്ഡൗൺ സമയത്ത് സംസ്ഥാനത്തിന്‍റെ ഓരോ മുക്കിലും മൂലയിലും വരെ സഞ്ചരിച്ചയാളാണ് ദേവേന്ദ്ര ഫഡ്നാവിസ്. അദ്ദേഹത്തിന് ഇപ്പോൾ സുരക്ഷ കുറച്ചിരിക്കുന്നു. അന്ന്, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വീട്ടിലിരിക്കുകയായിരുന്നു -ബി.ജെ.പി വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.