കശ്മീരിൽ രണ്ട് പാകിസ്താനികൾ ഉൾപ്പെടെ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു
text_fieldsശ്രീനഗർ: കശ്മീർ താഴ്‌വരയിൽ ഞായറാഴ്ച സുരക്ഷാ സേനയുമായുള്ള രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ രണ്ട് പാകിസ്താനികൾ ഉൾപ്പെടെ നാല് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിൽ രണ്ടും തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ രണ്ട് പേരെയുമാണ് സുരക്ഷസേന വെടിവെച്ചുകൊന്നത്. അറസ്റ്റിലായ ഭീകരൻ ഷോക്കറ്റ് അഹമ്മദ് ഷെയ്‌ഖിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോലാബ് മേഖലയിൽ പൊലീസും സൈന്യവും സംയുക്ത ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നു.
സേനയുടെ നീക്കത്തിന് തൊട്ടുപിന്നാലെയാണ് അതിർത്തി ജില്ലയായ കുപ്‌വാരയിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടത്. കുപ്‌വാരയിലെ ഭീകര ഒളിത്താവളം തിരയുന്നതിനിടെ, സംയുക്ത തിരച്ചിൽ സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കാൻ തുടങ്ങിയെന്ന് പൊലീസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ലശ്കറെ ത്വയ്യിബയുടെ രണ്ട് പാക് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി വക്താക്കൾ അറിയിച്ചു.
അതേസമയം, കുൽഗാമിൽ ഡി.എച്ച് പോര മേഖലയിൽ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത നീക്കത്തിൽ രണ്ട് പ്രാദേശിക ഭീകരരും കൊല്ലപ്പെട്ടു. ശ്രീനഗർ സ്വദേശി ഹാരിസ് ഷെരീഫ്, കുൽഗാം സ്വദേശി സാക്കിർ പദ്ദർ എന്നിവരെയാണ് സൈന്യംവധിച്ചത്. ഇരുവരും ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട ഭീകരർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങളിലും സിവിലിയൻ അതിക്രമങ്ങളും ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾ ചെയ്തവരാണ്. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ട് നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് താഴ്വരയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ തീവ്രവാദികൾക്ക് തടയാനാവില്ലെന്നും ഭീകരവിരുദ്ധ നീക്കങ്ങൾ തുടരുമെന്നും കശ്മീർ ഐ.ജി വിജയ്കുമാർ പറഞ്ഞു. ഈ മാസം ഇതുവരെ 22 ഭീകരരെയാണ് കശ്മീരിൽ വധിച്ചത്. അതിനിടെ, വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ നിന്ന് അൽ-ബദർ സംഘടനയിൽപ്പെട്ട മൂന്ന് തീവ്രവാദികളെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.